തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ വാതിലുകളിലെ ‘പിടിവള്ളി’ അധികൃതർ നീക്കി. വെട്ടിലായത് കണ്ടക്ടർമാരും യാത്രക്കാരും. ഓട്ടോമാറ്റിക് ഡോറുകളില്ലാത്ത പഴയ ബസുകളിൽ വാതിലടക്കാൻ ഹാൻഡിലുകളിൽ കയറോ പ്ലാസ്റ്റിക് വള്ളിയോ കെട്ടിയിടുന്ന പതിവുണ്ട്. മിക്കവാറും യാത്രക്കാരാണ് ഈ കയറിൽ പിടിച്ച് വാതിൽ അടക്കുന്നത്.
എന്നാൽ, ഇത്തരം വള്ളികൾ യാത്രക്കാരുടെ കഴുത്തിൽ തട്ടുന്നത് അപകട ഭീഷണിയാണെന്ന മനുഷ്യാവകാശ കമീഷൻ നിർദേശത്തെ തുടർന്നാണ് ഇവ അഴിച്ചുനീക്കാൻ ചീഫ് ഓഫിസിൽനിന്ന് ഡിപ്പോകൾക്കും ഗാരേജുകൾക്കും നിർദേശം നൽകിയത്.
ഇതോടെ കണ്ടക്ടർമാരുടെ തലവേദന ഇരട്ടിയായി. സാമാന്യം ഭാരമുള്ള വാതിലുകളാണ് എല്ലാ ബസുകളിലും. കയർ ഇല്ലാത്തതിനാൽ ഇവ മലർക്കെ തുറന്ന് ബസിന്റെ ബോഡിയിൽ പോയി ഇടിച്ചുനിൽക്കും. ബസിൽ കയറുന്നയാൾ വാതിൽ അടക്കണമെങ്കിൽ മൽപ്പിടിത്തം നടത്തണം. പ്രായമായവരാണ് ശ്രമിക്കുന്നതെങ്കിൽ പുറത്തേക്ക് വീഴാനും സാധ്യതയുമുണ്ട്.
തിരക്കുള്ള ബസിൽ കണ്ടക്ടർമാർ എത്തി അടക്കൽ പ്രായോഗികമല്ല. രണ്ട് വാതിലുകൾ നോക്കണമെന്നതും പ്രയാസം വർധിപ്പിക്കുന്നു. കയറുള്ളമ്പോൾ സീറ്റിൽ ഇരുന്ന് തന്നെ വാതിൽ അടക്കാമായിരുന്നു. ഇറങ്ങുന്ന യാത്രക്കാർ കനിഞ്ഞില്ലെങ്കിൽ ഓരോ സ്റ്റോപ്പിലും കണ്ടക്ടർ ഫുട്ബോഡിലിറങ്ങി വാതിലടക്കണം.
പ്രശ്നം രൂക്ഷമായതോടെ രണ്ടും കൽപിച്ച് സ്വന്തമായി കയർ കെട്ടുന്നവരുമുണ്ട്. ഡ്യൂട്ടിക്കെത്തുമ്പോൾ ബാഗിൽ കയർ കരുതും. അതും കെട്ടി ഡ്യൂട്ടി. വൈകുന്നേരം മടങ്ങുമ്പോൾ അഴിച്ച് ബാഗിൽ കരുതും. അല്ലാതെ നിവൃത്തിയില്ലെന്നാണ് ഇവരുടെ പക്ഷം. ചില സ്വകാര്യ ബസുകളിൽ അപകടകരമായ രീതിയിൽ നീളത്തിൽ കയർ കെട്ടിയതാണ് കഴുത്തിൽ കുരുങ്ങാൻ കാരണമെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.