മന്ത്രി എം.ബി. രാജേഷ് പരുപാടിക്കിടെ
പാലക്കാട്: നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ പൊതുപരിപാടിയില്‍ സ്വീകരണത്തിന് ഉപയോഗിച്ചതിനെ വിമർശിച്ച് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ സംഘാടകര്‍ മന്ത്രിക്ക് നല്‍കിയത്. ഇത് പിഴ ഈടാക്കേണ്ട സംഭവമാണെന്നു പറഞ്ഞ അദ്ദേഹം ബൊക്കെ വാങ്ങിയില്ല.
തുടർന്ന് സംസാരിക്കവെ ഇതിനെ പരസ്യമായി വിമര്‍ശിക്കുകയും 10,000 രൂപ പിഴ ഈടാക്കേണ്ട സംഭവമാണുണ്ടായതെന്നും പ്രതികരിച്ചു. പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനമെടുത്തത് തദ്ദേശഭരണ വകുപ്പാണ്. ആ വകുപ്പിന്റെ മന്ത്രിക്കാണ് ബൊക്കെ തന്നത്.
സര്‍ക്കാര്‍ നല്കുന്ന ഇത്തരം നിര്‍ദേശങ്ങളൊന്നും ഉത്തരവാദിത്തപ്പെട്ട പലരും ശ്രദ്ധിക്കുന്നില്ലെന്നതാണ് ഇതിലൂടെ മനസ്സിലാകുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇത്തരം പരിപാടികളിൽ പുസ്തകമോ, ബഡ്സ് സ്കൂളിലെ കുട്ടികൾ നിർമിക്കുന്ന ഉൽപന്നങ്ങളോ നൽകാവുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേയും ചില പരിപാടികളില്‍ പ്ലാസ്റ്റിക് ബൊക്കെ നല്‍കിയുള്ള സ്വീകരണത്തെ എം.ബി. രാജേഷ് വിമര്‍ശിച്ചിരുന്നു.
പാലക്കാട്: നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ സ്വീകരണത്തിന് ഉപയോഗിച്ചതില്‍ വീഴ്ചപറ്റിയതായി കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ. ഉദ്ഘാടനച്ചടങ്ങില്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ചിരുന്നു. എന്നാല്‍, ബൊക്കെയുടെ കാര്യത്തില്‍ വീഴ്ച സംഭവിച്ചു. നിയമപ്രകാരമുള്ള പിഴയടക്കാന്‍ തയാറാണ്. മന്ത്രി പരസ്യമായി വിമര്‍ശിച്ചത് കടുത്ത വിഷമമുണ്ടാക്കിയെന്നും സഹദേവന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.