തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിയെ ഒന്നാകെ പിടിച്ചുകുലുക്കിയ അനിശ്ചിതത്വം മറികടന്നതിന് പിന്നാലെ അച്ചടക്ക നടപടിയുടെ ആത്മബലത്തിൽ എതിരാളി ക്യാമ്പുകളെ ഉന്നമിട്ട് പോർവിളിക്ക് കോൺഗ്രസ്. ഇതിനെക്കാൾ ഞെട്ടിപ്പിക്കുന്ന കഥകളാണ് സി.പി.എമ്മിലും ബി.ജെ.പിയിലുമെന്ന പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ് മുതൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ‘കോഴിഫാം’ പോസ്റ്ററുമായുള്ള യൂത്ത് കോൺഗ്രസ് മാർച്ച് വരെ കോൺഗ്രസ് തുറന്നിടുന്നത് പുതിയ പോർമുഖത്തിന്റെ കൃത്യമായ സൂചനകളാണ്.
രാഹുലിനെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി ചൂണ്ടിക്കാട്ടി, ഇങ്ങനെയൊന്നിന് ധൈര്യമുണ്ടോ എന്ന വെല്ലുവിളിയാണ് സി.പി.എമ്മിന് മുന്നിലേക്ക് കോൺഗ്രസ് നിരത്തുന്നത്. എം.മുകേഷ് വിഷയത്തിലടക്കം സങ്കേതികത പറഞ്ഞ് സംരക്ഷണ കവചമൊരുക്കിയ സി.പി.എമ്മിനെ സംബന്ധിച്ച് ഇത്തരം വെല്ലുവിളികൾ കാര്യമായി പൊള്ളിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിന് പുറമേ സി.പി.എം നേതാക്കൾക്കെതിരെ ആരോപണങ്ങളായും വെളിപ്പെടുത്തലുകളായും ഫോൺ സംഭാഷണങ്ങളായും ഇതിനകം അന്തരീക്ഷത്തിലുള്ള വിവാദങ്ങളെയും ഉന്നം വെക്കുന്നു.
രാഹുലിനെതിരായ നടപടിക്ക് പിന്നാലെ സി.പി.എമ്മും ബി.ജെ.പിയും ലക്ഷ്യമിട്ടത് പ്രതിപക്ഷ നേതാവിനെയാണ്. രാഹുലിന്റെ എം.എൽ.എ സ്ഥാനം സംരക്ഷിക്കുന്നത് പ്രതിപക്ഷ നേതാവാണെന്നാരോപിച്ച് സതീശനെതിരെ തിരിയാനായിരുന്നു ശ്രമം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് വിത്തുകാളയുമായാണ് ബി.ജെ.പി പ്രകടനം നടത്തിയതെങ്കിൽ പൊലീസ് കവചം ഭേദിച്ച് പോസ്റ്ററുമായി കടന്നുകയറുകയായിരുന്നു എസ്.എഫ്.ഐ. ഇതിനുള്ള സതീശന്റെ മറുപടിയാണ് പോർവിളിയായത്. രാഷ്ട്രീയ പൊതുയോഗങ്ങളിലെ പതിവ് വെല്ലുവിളിയായി ഇതിനെ കാണാനാകില്ല. പ്രതിപക്ഷ നേതാവാണ് രണ്ട് മുന്നണികളോടും കരുതിയിരിക്കാൻ താക്കീത് നൽകിയത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തതിലൂടെ സി.പി.എമ്മിനോ ബി.ജെ.പിക്കോ സാധിക്കാത്ത വിധം കടുത്ത നടപടി കൈക്കൊണ്ടുവെന്ന രാഷ്ട്രീയാശ്വാസത്തിലാണ് കോൺഗ്രസ്. നഷ്ടപ്പെടലിന്റെ വക്കിലെത്തിയ പ്രതിച്ഛായ അച്ചടക്ക നടപടിയിലൂടെ തിരിച്ചു പിടിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. എം.മുകേഷ് എം.എൽ.എക്കെതിരെ കേസുണ്ടായഘട്ടത്തിൽ പൊതുബോധം എതിരായിരുന്നുവെങ്കിലും അത് പരിഗണിക്കാതെയായിരുന്നു സി.പി.എം മുന്നോട്ടുപോയത്. അതേ സമയം, രാഹുലിനെതിരായ സ്വഭാവ ദൂഷ്യ ആരോപണങ്ങളോട് പൊതുബോധവും പൊതുവികാരവും എതിരാണെന്ന് തിരിച്ചറിഞ്ഞ് അതിനൊപ്പം നിൽക്കാൻ കോൺഗ്രസിന് കഴിഞ്ഞു. സമാന്തരമായാണ് എതിരാളികൾക്കെതിരെ രാഷ്ട്രീയ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.