കൊച്ചി: എ ഐ ക്യാമറ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷത്തിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈകോടതി തള്ളി. അഴിമതി ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കരാറിലെ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹരജിക്കാർക്ക് ഹാജരാക്കാനായില്ലെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ആരോപണങ്ങളിൽ വസ്തുതാപരമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ചത്. കരാർ ഏറ്റെടുത്ത കമ്പനികൾ ഉപകരാർ നൽകിയതും ഈ കമ്പനികളുടെ സാങ്കേതിക മികവിലടക്കം ചോദ്യങ്ങൾ ഉയർത്തിയുമായിരുന്നു ഹരജി. എ.ഐ ക്യാമറ സ്ഥാപിക്കുന്നതിന് ഉള്‍പ്പെടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്‍കിയത് എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രധാന വാദം. പദ്ധതിയില്‍ 132 കോടി രൂപയുടെ അഴിമതി നടന്നു. പദ്ധതിക്ക് സര്‍ക്കാര്‍ 2020 ഏപ്രില്‍ 27ന് നല്‍കിയ ഭരണാനുമതിയും സേഫ് കേരള പദ്ധതിക്ക് സമഗ്രഭരണാനുമതി നല്‍കിയ 2023 ഏപ്രില്‍ 18ലെ ഉത്തരവും റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിച്ചു.
വ്യവസ്ഥകള്‍ പ്രകാരമുള്ള വൈദഗ്ധ്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ എസ്.ആർ.ഐ.ടിക്ക് യോഗ്യതയില്ലെന്നും ഹരജിക്കാർ വാദിച്ചു. കെല്‍ട്രോണും എസ്.ആർ.ഐ.ടിയും തമ്മില്‍ ഉണ്ടാക്കിയ കരാറും, മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാല്‍ റദ്ദാക്കണം. സേഫ് കേരള പദ്ധതി അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആവശ്യം. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു.
എല്ലാമാനദണ്ഡങ്ങളും മറികടന്നാണ് കരാറെന്നും പൊതുനൻമയെ കരുതിയാണ് കോടതിയെ സമീപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.