തൃശൂര്‍: ഓണം ആഘോഷിക്കേണ്ടതില്ലെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച സംഭവത്തൽ കേസെടുത്തതിന് പിന്നാലെ രണ്ട് അധ്യാപികമാരെ സസ്പെൻഡ് ചെയ്തു. തൃശൂര്‍ കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികമാർക്കെതിരെയാണ് നടപടി.
അധ്യാപികമാർ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പൽ പറഞ്ഞു. സ്കൂളില്‍ ഓണാഘോഷം നാളെ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മക്കളോ നമ്മളോ അത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമായിരുന്നു അധ്യാപികമാർ രക്ഷിതാക്കൾക്ക് വാടസ്ആപിലൂടെ ശബ്ദ സന്ദേശം നൽകിയത്. ഇത് പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ നടപടി വന്നിരിക്കുന്നത്.
‘ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണല്ലോ. എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ ഒരു തരത്തിലും പങ്കുകൊള്ളാൻ പാടില്ല. സെലിബ്രേഷനിൽ നമ്മളോ നമ്മുടെ മക്കളോ പങ്കെടുക്കുന്നില്ല. വേഷ വിധാനത്തിലാണെങ്കിലും എല്ലാ തരത്തിലും ആചാരത്തോട് ഏതെങ്കിലും തരത്തിൽ നമ്മൾ കടമെടുക്കലുണ്ടെങ്കിൽ അത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം...’ -പുറത്തുവന്ന ഓഡിയോ ക്ലിപ്പിലുണ്ട്.
സാമുദായിക സ്പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെ, ഓണാഘോഷ പരിപാടികളിൽ മുസ്ലിം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്കാണെന്ന് വാടസ്ആപ്പിൽ സന്ദേശമയച്ചു എന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.