വേടൻ

ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം; ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം. വ്യവസ്ഥകളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു.

അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവ‍‍ഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്ത, കേസിൽ വേടന്‍റെ അറസ്റ്റ്‌ കോടതി തടഞ്ഞിരുന്നു.

ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് കരുതാൻ മതിയായ തെളിവുകൾ ഉണ്ടെന്നും ബ്രേക്ക് അപ്പിന് ശേഷം ആരോപണങ്ങളുമായി മറ്റയാളുടെ ഭാവി നശിപ്പിക്കാനുള്ള പ്രവണതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈയൊരു സാഹചര്യത്തിൽ മുൻകൂർ ജാമ്യം നിഷേധിച്ചാൽ നീതി നിഷേധമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. കേസെടുത്തതു മുതൽ ഒളിവിലാണ് വേടൻ.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോൾ ആ ബന്ധത്തെ ബലാത്സംഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടൻ കോടതിയിൽ വാദിച്ചത്. എന്നാൽ, വിവാഹവാഗ്ദാനം നല്‍കി വേടന്‍ പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയെന്നും ഇതോടെ മാനസികനില തകരാറിലായെന്നുമാണ് യുവതി പറയുന്നത്.

കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു.

Tags:    
News Summary - Vedan granted anticipatory bail in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.