താമരശ്ശേരി ചുരം
കൽപറ്റ: മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും പൂർണമായി നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
തുടർന്ന് വിശദ പരിശോധനകൾക്കുശേഷം മാത്രമേ ചുരം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കു. അതുവരെ യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം. ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇരുഭാഗങ്ങളിലും കുടുങ്ങി കിടക്കുന്നത്. ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ രാത്രി കടത്തിവിട്ടിരുന്നു. ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിനു സമീപം മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചതോടെയാണ് കോഴിക്കോട്-വയനാട് ദേശീയ പാത 766ൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം.
ചൊവ്വാഴ്ച രാത്രിമുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ കുറ്റ്യാടി ചുരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ കുറ്റ്യാടിയിലും വയനാട് നിരവില്‍പുഴയിലും വലിയ വാഹനങ്ങള്‍ തടഞ്ഞിടുകയാണ്. നിലവില്‍ കര്‍ണാടകയിലേക്കും വയനാട്ടിലേക്കും കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്.
ചുരത്തിൽ ഇടിഞ്ഞു വീണ പാറകൾ നീക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് വലിയ പാറകൾ പൊട്ടിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് മണ്ണും കല്ലുകളും നീക്കും. കൂടുതൽ മണ്ണിടിയാനുള്ള സാധ്യത ഇല്ലെന്നാണ് ഡ്രോൺ നിരീക്ഷണത്തിലൂടെ പ്രാഥമിക വിലയിരുത്തൽ. ബുധനാഴ്ച ഉച്ചയോടെ ചുരം ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള സാധ്യതയുണ്ട്. വിദഗ്ധ സംഘം പരിശോധിച്ച ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂവെന്ന് വയനാട് കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
രാവിലെ എട്ടോടെ കലക്ടർ ചുരത്തിൽ മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചു. കോഴിക്കോട് ജില്ല കലക്ടറും സ്ഥലത്തേക്ക് എത്തിയേക്കും.
ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചിരുന്നു. ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത വിധം ചുരത്തിൽ ഗതാഗതം നിലച്ചിരുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മണ്ണു മാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ മണ്ണ് നീക്കിയാണ് ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.