ഭൂമി കൈയേറ്റം: എം.ജി. രാജമാണിക്യം അട്ടപ്പാടിയിലേക്ക്

തൃശൂർ: ഭൂമി കൈയേറ്റം സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം അട്ടപ്പാടിയിലേക്ക്. ആദിവാസി ഭൂമി സംരക്ഷിക്കാൻ സ്പെഷൽ ഓഫിസറെ നിയമിക്കുമെന്ന് മണ്ണാർക്കാട് പട്ടയമേള ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാജൻ പറഞ്ഞു. ആദിവാസി ഭൂമി ഭൂമാഫിയ കൈയേറുന്നതാണ് അട്ടപ്പാടിയിലെ പ്രധാന പ്രശ്നമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശികന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം അന്വേഷിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ ആദിവാസികൾ ദീർഘകാലമായി നടത്തിയ സമരങ്ങൾക്കും നിവേദനങ്ങൾക്കും ഫലംകാണുന്നുവെന്നാണ് മന്ത്രിയുടെ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. മാധ്യമം വാർത്തയെ തുടർന്ന് കെ.കെ. രമ എം.എൽ.എ നിരവധി തവണ അട്ടപ്പാടി സന്ദർശിച്ച് കൈയേറ്റ സ്ഥലങ്ങൾ നേരിട്ട് കണ്ടിരുന്നു. അട്ടപ്പാടിയിലെ ഭൂമികൈയേറ്റം സംബന്ധിച്ച് നിയമസഭയിൽ രണ്ട് സബ് മിഷൻ രമ അവതരിപ്പിച്ചു. നിയമസഭയിൽ മന്ത്രി കെ. രാജൻ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാര്യമായ നീക്കമൊന്നും ഉണ്ടായില്ല. പാലക്കാട് കലക്ടർക്ക് കത്ത് കൈമാറിയെങ്കിലും അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥർ എല്ലാം അന്വേഷണങ്ങൾക്കും തടയിട്ടു. വില്ലേജ് ഓഫിസർ മുതലുള്ള റിപ്പോർട്ടുകൾ ഭൂമാഫിയെ സഹായിക്കുന്നതായിരുന്നു.

രണ്ട് വർഷം മുമ്പ് ആദിവാസികൾ മന്ത്രി കെ. രാജനെ തൃശൂരിലെ വീട്ടിൽ ചെന്ന് കണ്ട് നിവേദനം നൽകിയിരുന്നു. അതിനു പ്രയോജനം ഉണ്ടായില്ല. ഒടുവിൽ അമ്പതോളം ആദിവാസികൾ സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകി. അതിന്റെ ഫലമായി പട്ടികവർഗ അസി. ഡയറക്ടർ ഷുമിൻ എസ്. ബാബു അട്ടപ്പാടി സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ആദിവാസി ഭൂമി സർവേ ചെയ്ത് നൽകണമെന്നും റശിപാർശ നൽകി.

എന്നാൽ, അന്വേഷണം ഉണ്ടായില്ല. തുടർന്നാണ് അട്ടപ്പാടി സുകുമാരൻ, ടി.ആർ. ചന്ദ്രൻ, ചിത്രവേണി തുടങ്ങിയവർ ലാൻഡ് റവന്യൂ കമീഷർ ഡോ. എ. കൗശികനെ കണ്ട് നാലുമണിക്കൂറോളം അവരുടെ പരാതി ബോധിപ്പിച്ചത്. നിയമവിരുദ്ധ ഭൂമി കൈയേറ്റത്തിെൻറ ഭീകരത മനസിലാക്കിയ ലാൻഡ് റവന്യൂ കമീഷണർ പാലക്കാട് റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സെറ്റിൽമെന്റ് രജിസ്റ്ററിന്റെയും വില്ലേജിലെ എ.ആൻ.ബി രജിസ്റ്ററിന്റെയും അടിസ്ഥാനത്തിൽ ആദിവാസി ഭൂമി സർവേ ചെയ്ത് നൽകണമെന്ന് അദ്ദേഹം കലക്ടർ നിർദേശം നൽകി. ഇതിന് പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണമെന്നും ഇതിന് ആവശ്യമായ പണം പട്ടികവർഗ കോർപ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കണമെന്നും നിർദേശിച്ചിരുന്നു.

പട്ടികവർഗ അസി. ഡയറക്ടടറുടെ റിപ്പോർട്ട് നടപ്പാക്കണമെന്നും ആദിവാസി ഭൂമി കൈയേറ്റം തടയണമെന്നും ആവശ്യപ്പെട്ട് ടി.ആർ ചന്ദ്രന്‍റെ നേതൃത്വത്തിൽ അട്ടപ്പാടി താലൂക്ക് ഓഫിസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി. ആദിവാസി ഭൂമി അളന്നു നൽകാൻ തീരുമാനമെടുത്തുവെന്ന് റവന്യൂ വകുപ്പിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. കഴിഞ്ഞ ആഴ്ച അട്ടപ്പാടി സുകുമാരനും ടി.ആർ. ചന്ദ്രനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി രാജമാണിക്യത്തെ നേരിട്ടു കണ്ട് നിവേദനം നൽകി. മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം തുടങ്ങിയ ആദിവാസി മേഖലകളിൽ വ്യാപകമായി ഭൂമികൈയറി വൈദ്യുതി വേലി കെട്ടിയെന്ന് അവർ രാജ്യമാണിക്യത്തോട് പറഞ്ഞു. ആദിവാസികൾ എന്തുകൊണ്ട് ഇതുവരെ കോടതിയെ സമീപിച്ചില്ല എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്.

മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശികൾ റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിെൻറ ഉത്തരവും അട്ടപ്പാടി ഭൂരേഖ തഹസിൽദാരുടെ ഉത്തരവും മറികടന്ന് 575 ഏക്കർ വിൽപന നടത്തിയത് റവന്യൂ സെക്രട്ടറി ആരാഞ്ഞു. ഭൂമിക്ക് കോട്ടത്തറ വില്ലേജ് ഓഫിസർ നൽകിയ കൈവശ സാക്ഷ്യപത്രം ഉപയോഗിച്ചാണ് വിൽപന നടത്തിയത്. അട്ടപ്പാടിയിൽ നടക്കുന്ന ഭൂമി കൈയേറ്റത്തിന്റെ വാർത്തകൾ പുറത്തുകൊണ്ടു വന്നതിന്‍റെ പേരിൽ മാധ്യമത്തിനെതിരെ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നിലവിലുണ്ട്. മാധ്യമം ലേഖകനെതിരെ എടുത്ത കേസ് അഗളി പൊലീസ് തന്നെ പിൻവലിച്ചു. കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം തുടരുകയാണ്.

Tags:    
News Summary - Land Encroachment: M.G. Rajamanikyam to visit Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.