തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി വിധിയിലെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ.
അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും പ്രതിയായ വിജിലന്‍സ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതിവിധിയില്‍ സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും ബോധപൂര്‍വമായ മൗനം പാലിക്കുകയാണ്. നിയമവാഴ്ച ചവിട്ടി മെതിക്കപ്പെട്ടു എന്ന കോടതി പരാമര്‍ശം സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടുകൂടിയാണ് പ്രതികള്‍ക്ക് ക്ലീന്‍ചിട്ട് നല്‍കിയത് എന്ന് കോടതിവിധിയിൽ പറഞ്ഞിട്ടുണ്ട്. ആരോപണവിധേയരായ പ്രതികളായ എ.ഡി.ജി.പിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ സത്യപ്രതിജ്ഞാ ലംഘനമാണ്. ഇവരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ചെയ്യാന്‍ പാടില്ലാത്ത ഇടപെടല്‍ നടത്തിയെന്ന കോടതിയുടെ പരാമര്‍ശം അതീവ ഗൗരവമുള്ളതാണ്.
ഒരു മുഖ്യമന്ത്രിക്കുമെതിരെ ഇതുവരെ ഉണ്ടാകാത്ത പരാമര്‍ശമാണിത്. സമാനരീതിയില്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ കോടതികളില്‍നിന്ന് ഉണ്ടായപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ രാജിവെച്ച കീഴ്വഴക്കമാണുള്ളത്. അജിത് കുമാറും പി. ശശിയും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ്. മുഖ്യമന്ത്രിക്കും ആർ.എസ്.എസിനും ഇടയിലുള്ള പാലമാണ് എ.ഡി.ജി.പി. അതിനാലാണ് നിയമവിരുദ്ധ ഇടപെടല്‍ മുഖ്യമന്ത്രി നടത്തിയത്. അധികാര ദുര്‍വിനിയോഗം നടത്താനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണം. അതിന് മുഖ്യമന്ത്രി തയാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കോണ്‍ഗ്രസ് കടക്കും.
നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോക്ക് ലഭിച്ച പരാതി ചോര്‍ന്നതിലും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മറുപടി പറയാതെ ഒളിച്ചോടുകയാണ്. സര്‍ക്കാര്‍ പദ്ധതിയുടെ തുക വകമാറ്റി ചെലവാക്കിയെന്നത് ഗുരുതരമായ കുറ്റമാണെന്നും ഇത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പരാതിക്കാരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതു സംബന്ധിച്ച ആരോപണം ഒരു സി.പി.എം പ്രവര്‍ത്തകന്‍ തന്നെയാണ് ഉന്നയിച്ചത്. പരാതിയുമായി ബന്ധപ്പെട്ട കത്ത് ചോര്‍ന്നത് എങ്ങനെയെന്നത് സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണ്. അത് അവര്‍ പരിഹരിക്കട്ടെ. അത് ഞങ്ങളുടെ വിഷയമല്ല. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണം ഗൗരവമുള്ളതാണ്. അതിനെ കുറിച്ച് അന്വേഷിക്കണം. സി.പി.എം നേതൃത്വം പരാതി ഇതുവരെ നിഷേധിച്ചിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ് കൂടുതല്‍ കുഴപ്പത്തിലേക്ക് അദ്ദേഹത്തെ തന്നെ വലിച്ചിഴക്കും എന്നാണ് പരാതിക്കാരന്‍ പറഞ്ഞിരിക്കുന്നതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പലഭാഗത്തും സി.പി.എം ക്രിമിനലുകള്‍ പൊലീസിന്റെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ വ്യാപകമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കടയ്ക്കലില്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തില്‍ നേതാക്കള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സംഘടിതമായി സി.പി.എം അക്രമം നടത്തി. കഴിഞ്ഞയാഴ്ച കായംകുളത്തും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാരെ സി.പി.എം ക്രിമിനലുകള്‍ ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു. ഇവിടെയെല്ലാം പൊലീസ് സി.പി.എം ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.