കോഴിക്കോട്: കോഴിക്കോട് കോർപറേഷനെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തില്ലെന്ന ആരോപണത്തില്‍ മറുപടിയുമായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ഒറ്റ ദിവസത്തേക്ക് ദുബായിൽ പോയി ഇന്ന് വെളുപ്പിന് മൂന്നരക്കാണ് എയർപോർട്ടിൽ എത്തിയതെന്നും പരിപാടിയിൽ പങ്കെടുക്കുമെന്ന് താൻ ഏറ്റിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ദുബായിൽനിന്ന് വെളുപ്പിന് മൂന്നരക്കാണ് വന്നത്. ഞാൻ ഒരു മനുഷ്യനല്ലേ? പുലർച്ചെ അഞ്ചുമണിക്കാണ് വന്ന് കിടന്നത്, എല്ലാം വിവാദമാക്കിയാൽ എന്ത് ചെയ്യും? എനിക്ക് ക്ഷീണമുണ്ട്...’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘രമ്യഹരിദാസാണ് പരിപാടിയുടെ ഉദ്ഘാടക. അവരാണ് ഏറ്റിരിക്കുന്നത്. അവരുടെ ഫോട്ടോ വെച്ചാണ് പരിപാടിയുടെ നോട്ടീസ്. എന്റെ ഫോട്ടോയും ഉണ്ടെങ്കിലും സാഹചര്യമുണ്ടെങ്കിൽ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്ന് ഞാൻ ഇന്നലെ അറിയിച്ചിരുന്നു. ഞാൻ പുലർച്ചെ അഞ്ചുമണിക്കാണ് വന്ന് കിടന്നത്. എഴുന്നേറ്റ ഉടൻ, മണ്ഡലം പ്രസിഡന്റിനെ ഫോൺ വിളിച്ച് വരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ പരിപാടി തീരാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത്. ഡി.സി.സി പ്രസിഡന്റ് എന്നെക്കുറിച്ച് പറഞ്ഞത് നമ്മൾ പാർട്ടിയിൽ തീർത്തോളും. വിവാദം സൃഷ്ടിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങളെ അഭിനന്ദിക്കണം’ -ചാണ്ടി പറഞ്ഞു. എല്ലാത്തിലും വിവാദം കാണേണ്ടതില്ല. എല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണ്. പരിപാടിയിലേക്ക് തന്നെ മണ്ഡലം പ്രസിഡന്റ് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍നിന്ന് ചാണ്ടി ഉമ്മന്‍ വിട്ടുനിന്നതില്‍ ഡി.സി.സി കടുത്ത അതൃപ്തിയിലാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടി ഉമ്മനോട് ഡി.സി.സി ആവശ്യപ്പെട്ടിരുന്നതായി ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കും. പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വം ആണെങ്കില്‍ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ഈ മാസം ഒന്നുമുതൽ നടക്കുന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ പല നേതാക്കളും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ഈ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചത് ചാണ്ടി ഉമ്മനെയായിരുന്നു. കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികൾ ഉള്ള ചാണ്ടി ഉമ്മൻ പുലർച്ചെ തന്നെ ജില്ലയിൽ എത്തുകയും ചെയ്തിരുന്നു. 7.30ന് തീരുമാനിച്ച പരിപാടിയിൽ ചാണ്ടി ഉമ്മൻ എത്താത്തതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.