30 വർഷം മുമ്പ് ഹൗസിങ് ബോർഡ് നിർമിച്ചുനൽകിയ വീട്
മറയൂർ: കോൺക്രീറ്റുകൾ തകർന്ന് ചോർന്നൊലിക്കുന്ന വീടുകൾ... കാലപ്പഴക്കത്താൽ തകർന്നുവീഴുന്ന കോൺക്രീറ്റ് പാളികൾ... ഇതെല്ലാം മറയൂർ ബാബുനഗറിലെ കുടുംബങ്ങളുടെ പതിവ് കാഴ്ചയാണ്. ടൗണിനോട് ചേർന്ന ബാബു നഗറിലെ അമ്പത് വീടുകളിൽപെടുന്ന വീടുകളാണ് അധികൃതരുടെ അനാസ്ഥയിൽ ശോച്യാവസ്ഥയിലായത്. ഇതിൽ പത്ത് വീടുകൾ തീർത്തും നാശോന്മുഖമാണ്. ഇതോടെ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലുമാണ്. കാലവർഷം കനക്കുന്നത് ഇവരുടെ ഭീതി ഇരട്ടിപ്പിക്കുന്നുണ്ട്.
വീടുകൾ ശോച്യാവസ്ഥയിലായി അപകട ഭീതിയുയർത്തിയതോടെ അറ്റകുറ്റപ്പണിയടക്കമുള്ള വിവിധ ആവശ്യങ്ങളുമായി ഉടമകൾ പഞ്ചായത്തിലും വിവിധ സർക്കാർ ഓഫിസുകളിലും നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല. തീർത്തും ശോച്യാവസ്ഥയിലായ പത്ത് കുടുംബങ്ങൾ ലൈഫ് മിഷനിൽ വീടിനായി വാതിലുകൾ മുട്ടിയെങ്കിലും പലർക്കും ലഭിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.
ഇതിനിടയിൽ നിലവിലെ വീടുകൾ മഴക്കാലത്ത് ചോർന്നൊലിക്കുന്നതിന് പുറമെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയും ചെയ്യുന്നുണ്ട്. എന്നാലും മറ്റു വീടുകൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ വീടിനുള്ളിൽ ഭീതിയോടെ കഴിഞ്ഞുകൂടുന്ന അവസ്ഥയാണ് ബാബുനഗറിലെ കുടുംബങ്ങൾക്കുള്ളത്.
മൂന്ന് പതിറ്റാണ്ടുമുമ്പ് ഹൗസിങ് ബോർഡ് നിർമിച്ച് നൽകിയ വീടുകളാണിത്. രാജീവ് ഗാന്ധി കോളനി എന്ന പേരിൽ നിർമിച്ചുനൽകിയ ഇവിടെ നിരവധി കുടുംബങ്ങളാണ് താമസിച്ചിരുന്നത്. 50 കുടുംബങ്ങൾക്ക് വീട് നൽകിയതോടെ ഈ പ്രദേശം ‘അമ്പത് വീട്’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
ആ പേരിലാണ് ഇപ്പോഴും ഇവിടം അറിയപ്പെടുന്നത്. എന്നാൽ, നിർമിച്ച് നൽകിയതല്ലാതെ പിന്നീട് അറ്റകുറ്റപ്പണി നടത്താത്തതാണ് ഇവർക്ക് തിരിച്ചടിയായത്. ചിലരെല്ലാം സ്വന്തം നിലയിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും സാമ്പത്തിക സ്ഥിതി കുറഞ്ഞവർക്കാണ് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.