മറയൂർ: ആദിവാസി ക്ഷേമത്തിനായി നിരവധി പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും കരിമുട്ടി ഉന്നതിയിലെ ആദിവാസികൾക്ക് റോഡ് എന്നത് സ്വപ്നം മാത്രമാണ്. ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ആദിവാസി ഉന്നതിക്കാണ് ഈ ദുർഗതി.
വർഷങ്ങൾക്കു മുമ്പ് മറയൂർ മലനിരകളിലെ ആദിവാസി ഉന്നതിയിലേക്ക് കാൽനട മാത്രമായിരുന്നു ആശ്രയമെങ്കിലും നിലവിൽ പല ആദിവാസി ഉന്നതികളിലേക്കും ജീപ്പുകൾ എത്തുന്ന തരത്തിൽ റോഡുകൾ തെളിഞ്ഞുകഴിഞ്ഞു. എന്നാൽ, കരിമുട്ടി ഉന്നതിയിലെ താമസക്കാർക്ക് ഇന്നും മലകയറി കാട്ടുപാതയിലൂടെ കാൽനടമാത്രമാണ് ഏക ആശ്രയം.
വർഷങ്ങൾക്കു മുമ്പ് കുത്തനെയുള്ള കയറ്റത്തിൽ 100 മീറ്റർ മാത്രം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരമായി തദ്ദേശ സ്ഥാപനങ്ങളും സർക്കാറും ഒട്ടേറെ വികസന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
അധികൃതരുടെ അനാസ്ഥക്കെതിരെ ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനെതിരെ തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്കരിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. അത്യാഹിത ഘട്ടത്തിൽ അടിയന്തര ചികിത്സ ഉറപ്പാക്കാവുന്ന തരത്തിൽ സഞ്ചാരയോഗ്യമായ റോഡെങ്കിലും ശരിയാക്കി നൽകണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.