.കടലിൽ പോകാൻ കഴിയാത്തതിനാൽ ഫൈബർ കട്ട മരങ്ങൾ കരയിൽ കയറ്റി വെച്ചിരിക്കുന്നു
കൊട്ടിയം: ജില്ല അതിർത്തിയായ പരവൂർ തെക്കുംഭാഗം മുതൽ അഴീക്കൽ വരെ തീരത്ത് അടിഞ്ഞു കിടക്കുന്ന കണ്ടെയ്നറുകളുടെയും, കരയ്ക്ക അടിഞ്ഞ വസ്തുക്കളുടെയും വിവരശേഖരണം തുടങ്ങി. മയ്യനാട് മുക്കം ഭാഗത്ത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചാണ് വിവരശേഖരണം. ഡിസാസ്റ്റർ മാനേജ്മെന്റിലെ ഡെപ്യൂട്ടി തഹസീൽദാർ, പൊലീസ്, വില്ലേജ് അധികൃതർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങിയ സംഘമാണ് ഡ്രോൺ ഉപയോഗിച്ച് മയ്യനാട്, ഇരവിപുരം മേഖലകളിൽ വിവരശേഖരണം നടത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥരും മുക്കത്തെത്തി കണ്ടെയ്നറിന്റെ നമ്പർ പരിശോധിച്ച് ഉള്ളിലുള്ളത് പേപ്പറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുക്കം ഭാഗത്ത് തീരത്താകെ പ്ലാസ്റ്റിക് മുത്തുകൾ പൊലെയുള്ള ചെറിയ മണികൾ ചിതറി കിടക്കുന്നുണ്ട്. കണ്ടെയ്നറിൽ നിന്ന് തീരത്തടിഞ്ഞ കെട്ടുകളും മുക്കം തീരത്ത് കിടപ്പുണ്ട്. ഇവയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി.
മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ
മയ്യനാട്: കടലാക്രമണം രൂക്ഷമായതും, കണ്ടെയ്നറുകൾ അടിഞ്ഞു കയറിയതും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. നൂറിലധികം ഫൈബർ കട്ടമരങ്ങൾ മത്സ്യബന്ധനത്തിന് പോയിരുന്ന മുക്കം, പൊഴിക്കര ഭാഗങ്ങളിൽ നിന്ന് ഒരു കട്ടമരം പോലും പോകുന്നില്ല. വള്ളവും കട്ടമരവും ഇറക്കിയ ഭാഗങ്ങളിലെ മണ്ണ് കടലെടുത്തതും കനത്ത തിരമാലകളും മൂലം കടലിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
കാലാവസ്ഥ പ്രതികൂലമായതിനാൽ കടലിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പുമുണ്ട്. കടലിലാകെ കണ്ടെയ്നറുകളിലെ സാധനങ്ങൾ ഒഴുകി നടക്കുന്നതും മത്സ്യത്തൊഴിലാളികളെ വെട്ടിലാക്കി. ചാക്കുകെട്ടുകളിൽ വലകൾ കുടുങ്ങിയാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലകൾ നശിക്കുന്നതിനും കാരണമാക്കും. ട്രോളിങ് നിരോധന കാലത്ത് ബോട്ടുകൾ കടലിൽ പോകാത്തപ്പോൾ തങ്ങൾക്ക് ആവശ്യമായ മത്സ്യം ലഭിക്കുമെന്ന് കരുതിയിരുന്ന തൊഴിലാളികൾക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്തിയത് ഇരുട്ടടിയായി. പരവൂർ കായലിലും മത്സ്യം കിട്ടാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.