പ്രതീകാത്മക ചിത്രം
കൊട്ടിയം: കൊട്ടിയത്ത് വീണ്ടും കഞ്ചാവ് വേട്ട. കഞ്ചാവ് മൊത്തവ്യാപാരത്തിനെത്തിയവർ കഞ്ചാവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ട ആറുപേരെ കൊട്ടിയം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയിരുന്നു. പിടികൂടിയ സമയം ഇവരിൽ നിന്നും കഞ്ചാവ് കണ്ടെത്താനായിരുന്നില്ല. ഇവർ വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണോ ഇതെന്നാണ് സംശയിക്കുന്നത്.
കൊട്ടിയത്തുനിന്ന് എക്സൈസ് സംഘം രണ്ടുകിലോ കഞ്ചാവാണ് പിടിച്ചത്. ബൈക്കിലുണ്ടായിരുന്ന രണ്ടുപേർ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിന്റെ നമ്പർ വ്യാജമാണോ എന്ന് സംശയമുണ്ടെന്ന് എക്സൈസ് പറഞ്ഞു.
സംഭവത്തിൽ പാരിപ്പള്ളി കരിമ്പാലൂർ കല്ലുവിള വീട്ടിൽ ഉല്ലാസിനെയും മറ്റൊരാളെയും പ്രതികളാക്കി എക്സൈസ് കേസെടുത്തു. ഇവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമത്തിലാണ് എക്സൈസ്. ഞായറാഴ്ച വൈകീട്ട് നാലോടെ കൊട്ടിയം ഒറ്റപ്ലാമൂടിന് സമീപത്തുനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കഞ്ചാവുമായി ബൈക്കിലെത്തിയവർ എക്സൈസ് സംഘത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ചാത്തന്നൂർ റെയ്ഞ്ചിലെ പ്രിവൻ്റിവ് ഓഫീസർ എമേഴ്സൺ, നഹാസ് , സി.ഇ.ഒ ഗിരീഷ്, വനിതാ സി.ഇ.ഒ ജിഷ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.