മരം വൈദ്യുതി ലൈനിലേക്ക് വീണ നിലയിൽ
കൊട്ടിയം: മഴയിലും കാറ്റിലും കെ. എസ്. ഇ. ബിക്ക് ലക്ഷങ്ങളുടെ നഷ്ടം. ഉൗണും ഉറക്കവുമില്ലാതെ ജോലി ചെയ്ത് ജീവനക്കാർ. ലൈനുകൾ പൊട്ടി വീണും പോസ്റ്റ് ഒടിഞ്ഞും അടിക്കടിയുള്ള വൈദ്യുതി മുടക്കം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും ഇരട്ടിയായി. മഴ പെയ്താലും പെയ്തില്ലെങ്കിലും വൈദ്യുതി പോകുന്ന സ്ഥിതിയാണ്. പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ് തിരികെയെത്തുന്നത്.
അർദ്ധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീണ്ടു നിൽക്കും. കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളുടെ കീഴിൽ ടച്ച് വെട്ട് അടക്കം വാർഷിക അറ്റകുറ്റപ്പണികളെല്ലാം നേരത്തെ പൂർത്തിയായതാണ്. എന്നാലും ചെ റിയ കാറ്റും മഴയും വന്നാൽ അപ്പോൾ തന്നെ വൈദ്യുതി പോകുന്ന സ്ഥിതിയാണ്. ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. ഹൈ റേഞ്ച് മേഖലകളിൽ വൈദ്യുതി പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെ വരുന്നത്. വീടുകളിൽ വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാകാത്തതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
കലിതുള്ളി പെയ്ത പെരുമഴയിൽ മരങ്ങൾ കടപുഴകി വീണ് വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. വൈദ്യുതി വിതരണം പല മേഖലകളിലും രാവും പകലും മുടങ്ങി. വ്യാഴാഴ്ച ഉച്ചയോടെ താറുമാറായ വൈദ്യുതി വിതരണം ശനിയാഴ്ച വൈകിട്ടും പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. കൊട്ടിയം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഒൻപത് എൽ.പി. പോസ്റ്റുകൾ തകർന്നു.11 കെ.വി.ഫീഡറുകളിൽ വൈദ്യുതി വിതരണം ഏറെക്കുറെ നിലച്ചു.
തഴുത്തല, ശിവൻ നട, പ്ലാക്കാട്, ഇത്തിക്കര വയൽ, കുന്നുവിള, പുല്ലാങ്കുഴി, വാഴപ്പള്ളി, കുറുപ്പ് മുക്ക് എന്നിവിടങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് മരം വീണ് വ്യാപക നാശമുണ്ടായി. കൊട്ടിയം എ.ഇ.അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ കഠിന പരിശ്രമം നടത്തിയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ഭാഗീകമായെങ്കിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. തഴുത്തല ജവഹർ ജങ്ഷനിൽ പുത്തൻവീട്ടിൽ ധന്യയിൽ ലീല ശിവദാസന്റെ വീടിന്റെ മുകളിലേക്ക് മരം വീണ് മേൽക്കൂര ആകെ തകർന്നു.
മഴയിൽ വീട്ടുപകരണങ്ങളും നശിച്ചു.തറവാട് ജംങ്ഷനിൽ ലക്ഷ്മീയത്തിൽ ദിനി ലിന്റെയും, ശ്രീധരത്തിൽ രാജേഷിന്റെയും വീടിന് മുകളിലേക്ക് മരം വീണു.വൈദ്യുതി തൂണുകളും ചുറ്റുമതിലും തകർന്നു. ജില്ലയിലെ വിവിധ സെക്ഷനുകളിലാ യി 30 ഇടങ്ങളിൽ എച്ച്.ടി(11 കെ.വി മുതൽ മുകളിലേക്ക്) ലൈൻ കമ്പികൾ പൊട്ടിവീണു. 500 ഇടങ്ങളിൽ എൽ.ടി ലൈൻ കമ്പികൾ പൊട്ടിവീണു.
ചാത്തന്നൂർ ഡിവിഷൻ പരിധിയിൽ അൻപതോളം 11 കെ.വി പോസ്റ്റുകൾ ഒടിഞ്ഞു. ട്രാൻസ്ഫോമറുകളിൽനിന്ന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എൽ.ടി (ലോ ടെൻഷൻ) ലൈനുകളുടെ പോസ് റ്റുകളും ഇനിയും ശരിയാക്കാൻ ബാക്കിയുണ്ട്. ട്രാൻസ്ഫോമറുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
ഊറാംവിള ജങ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വൈദ്യുതി കമ്പികൾ പൂർണ്ണമായും പൊട്ടിവീണു. സിവിൽ സ്റ്റേഷൻ ട്രാൻസ് ഫോർമറിൽ നിന്നും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. ഫ്യുസുകൾ പൊട്ടിയതിനാൽ വൈദ്യുതി ബന്ധം നിലച്ചു. അപകടവും ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.