കൊട്ടിയം: അന്തർസംസ്ഥാനതൊഴിലാളികളുടെ കഴുത്തിൽ കത്തിവെച്ച് 20,000 രൂപയും അഞ്ച് മൊബൈൽ ഫോണുകളും അപഹരിച്ച അഞ്ചംഗസംഘത്തിലെ രണ്ടുപേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നായേഴ്സ് ഹോസ്പിറ്റലിന് മുന്നിലെ ഓട്ടോ ഡ്രൈവർ ഉളിയക്കോവിൽ ആറ്റൂർചിറവീട്ടിൽ ഹരികൃഷ്ണൻ (35), ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനുസമീപം സർവിസ് സ്റ്റേഷൻ ജീവനക്കാരൻ, കേരളപുരത്ത് വാടകക്ക് താമസിക്കുന്ന ചെന്നൈ അരുമ്പാക്കം എം.എം.ഡി.എ കോളനിയിൽ അഹമ്മദ് ഷാ എന്നിവരാണ് പിടിയിലായത്.
ജൂൺ 28ന് രാത്രി 9.30 ഓടെ കൊട്ടിയം പീടികമുക്കിലാണ് സംഭവം. റഷീദിന്റെ ഉടമസ്ഥതയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മോഷണത്തിന് ഇരയായത്. ഓട്ടോയിൽ സ്ഥലത്തെത്തിയ അഞ്ചംഗസംഘം അന്തർസംസ്ഥാന തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് പണവും മൊബൈൽഫോണും കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു.
തുടർന്ന് തൊഴിലാളികൾ കൊട്ടിയം പൊലീസിൽ പരാതി നൽകി. പ്രതികൾ സഞ്ചരിച്ച ഓട്ടോയും നിരീക്ഷണ കാമറകളും കേന്ദ്രീകരിച്ച് കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളപുരം സ്വദേശിയിൽനിന്ന് വാടകക്കെടുത്ത ഓട്ടോയാണെന്ന് കണ്ടെത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു. കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ ഹരികൃഷ്ണന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ മോഷണം, അക്രമം, അബ്കാരി കേസ് ഉൾപ്പെടെ പത്തോളം കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
കൊട്ടിയം എസ്.എച്ച്.ഒ പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം കൊട്ടിയം എസ്.ഐ നിതിൻ നളന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽകുമാർ, ജോയ്, സി.പി.ഒമാരായ ശംഭു, പ്രവീൺ ചന്ദ്, ചന്ദു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.