1. കളിയാക്കുളം റോഡ് തകർന്ന നിലയിൽ 2. സർവിസ് റോഡിൽ വെള്ളം കയറിക്കിടക്കുന്നു
കൊട്ടിയം: മഴക്കാലമായതോടെ ദേശീയപാതയുടെ സർവിസ് റോഡിൽ വെള്ളം കെട്ടുന്നത് പതിവായി. അശാസ്ത്രീയമായ ഓട നിർമാണമാണ് ഇതിന് കാരണമാകുന്നത്. ദേശീയപാതയിലേക്ക് വന്നിറങ്ങുന്ന ചെറിയ റോഡുകൾ പലതും മഴക്കാലത്ത് വെള്ളം കെട്ടി തകർന്നു. ഇത്തിക്കര-കളിയാക്കുളം റോഡ് പൂർണമായും തകർന്ന നിലയിലാണ്. ദേശീയപാതയിലെ സർവിസ് റോഡിൽ നിന്ന് വെള്ളം ഈ റോഡിലേക്ക് ഒഴുകിയാണ് റോഡിന്റെ ഭാഗങ്ങൾ ഒലിച്ചുപോയത്.
ദേശീയപാതയിൽ ഗതാഗതക്കുരുക്കും മറ്റും ഉണ്ടാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നത് കളിയാക്കുളം റോഡിലൂടെയാണ്. കൂടാതെ എം.ഇ.എസ് കോളജ് റോഡ് ആരംഭിക്കുന്ന ഭാഗം, ഇത്തിക്കര പള്ളിയുടെ മുൻവശം എന്നിവിടങ്ങളിലും റോഡ് തകർന്നു. ഇത്തിക്കര പള്ളിക്കുമുന്നിൽ റോഡിൽ പൈപ്പിടാൻ കുഴിച്ചതിനാൽ പള്ളിയിലേക്കുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാനോ ആളുകൾക്ക് നടന്നുവരാനോ കഴിയാതായി.
തുടർന്ന് നാട്ടുകാർ കരാർ കമ്പനിക്കാരുമായി ബന്ധപ്പെട്ടെങ്കിലും വൃത്തിയാക്കാൻ തയാറായില്ല. തുടർന്ന് പ്രദേശവാസികൾ ചേർന്ന് ഹൈവേ അതോറിറ്റിക്ക് പരാതി നൽകി. തുടർന്ന് ഇവിടെ വൃത്തിയാക്കിയെങ്കിലും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് മൂലം ചളിക്കുഴിയായി മാറി വാഹനങ്ങൾ കയറി താഴുന്ന അവസ്ഥയാണ്. കൂടാതെ ചാത്തന്നൂർ ജങ്ഷനിൽ മഴപെയ്താലുടൻ വെള്ളക്കെട്ട് രൂപം കൊള്ളുകയാണ്.
കഴിഞ്ഞ രണ്ടുദിവസമായി തോരാതെ പെയ്ത മഴയിൽ ഇവിടെ സർവിസ് റോഡിൽ വെള്ളം കയറിയിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാർ ഓടയുടെ തുറന്നിരിക്കുന്ന ഭാഗത്തേക്ക് വെള്ളം കുത്തിവിട്ടാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. സർവിസ് റോഡുകളിൽ ചെറുറോഡുകൾ വന്നിറങ്ങുന്ന ഭാഗങ്ങളെല്ലാം ടാർ ചെയ്ത് വൃത്തിയാക്കുമെന്ന് കരാർ കമ്പനിക്കാർ പറഞ്ഞത് പാഴ്വാക്കായെന്നും പ്രദേശവാസികൾ പറയുന്നു.
ചാത്തന്നൂർ തിരുമുക്കിനടുത്ത് നിർമാണം നടക്കുന്ന ദേശീയപാത ചളിക്കുണ്ടായി മാറി. ഇതുവഴി വാഹനങ്ങൾ ഒച്ചിഴയും വേഗത്തിലാണ് പോകുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. നിർമാണപ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കാണ് നിരന്തരമുള്ള ഗതാഗതക്കുരുക്കിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയപാതയിൽ വന്നിറങ്ങുന്ന ചെറിയ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് പലയിടങ്ങളിലും നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.