കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം നിലകൊള്ളുമെന്ന് ആവർത്തിക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ് നേതാക്കൾ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ ഏറ്റെടുത്ത് മാണി വിഭാഗത്തെ പ്രകോപിപ്പിക്കരുതെന്ന് പാർട്ടി അണികൾക്ക് സി.പി.എം നിർദേശം. കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി വിലയിരുത്തിയാണ് സി.പി.എമ്മിന്റെ നീക്കം. മാണി വിഭാഗം മുന്നണിയുടെ ഭാഗമായ ശേഷം എൽ.ഡി.എഫിന് സ്വാധീനമില്ലാതിരുന്ന പല മണ്ഡലങ്ങളിലും വേരോട്ടമുണ്ടാക്കാനായെന്നാണ് സി.പി.എം വിലയിരുത്തൽ. കോൺഗ്രസ് എം എൽ.ഡി.എഫിന്റെ ഭാഗമായി നിന്നാൽ വരുന്ന തെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാനാകുമെന്നും അവർ കണക്കുകൂട്ടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി ഉൾപ്പെടെ ജില്ലകളിൽ വലിയ മുന്നേറ്റം നടത്താൻ മാണിവിഭാഗത്തിനായി. യു.ഡി.എഫ് ഭരിച്ചിരുന്നതുൾപ്പെടെ 72 ൽ 50 പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരിക്കുന്ന സാഹചര്യമുണ്ടായി. പത്ത് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒമ്പതിടത്ത് ജയിക്കാനായി. കോട്ടയം ജില്ലാപഞ്ചായത്ത് ഭരിക്കാൻ സാധിക്കുന്നു. കൈയിലില്ലാതിരുന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പമായി. ഏറ്റുമാനൂർ പിടിക്കാൻ സാധിച്ചതും മാണി വിഭാഗത്തിന്റെ പിന്തുണ കൊണ്ടാണ്. അത്തരത്തിൽ നേട്ടമുണ്ടാക്കി തന്ന പാർട്ടിയെ അവഗണിക്കരുതെന്നാണ് സി.പി.എം നിലപാട്.
യു.ഡി.എഫിൽ ഒരുപാർട്ടിയായി നിന്ന കോൺഗ്രസ് എമ്മിന് 15 ഉം ഒറ്റക്ക് നിന്നപ്പോൾ ഒമ്പതും സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാൽ മുന്നണി വിട്ടുവന്നപ്പോൾ 12സീറ്റുകളാണ് എൽ.ഡി.എഫ് നൽകിയത്. അതിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചു. മധ്യകേരളത്തിന് പുറമെ മലബാറിലെ കുടിയേറ്റ മേഖലകളിലും മാണി വിഭാഗത്തിന് വ്യക്തമായ സ്വാധീനമുണ്ടെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റിന്റെ പേരിൽ തർക്കങ്ങളുണ്ടാക്കരുതെന്നും മാണി വിഭാഗം ആവശ്യപ്പെടുന്ന സീറ്റുകൾ ലഭ്യമാക്കണമെന്നും ജില്ലാ നേതൃത്വങ്ങൾക്കും സി.പി.എം നിർദ്ദേശം നൽകിയതായാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിക്കാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി സംവിധാനത്തിലേക്ക് എത്തിയിരുന്നില്ലെന്നും ഇക്കുറി മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ തങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കാൻ അർഹതയുണ്ടെന്നും അവർ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.