കോട്ടയം: നഗരത്തെ ഞെട്ടിച്ച തിരുവാതുക്കൽ ദമ്പതി കൊലക്കേസിൽ പൊലീസ് ഈയാഴ്ച കുറ്റപത്രം സമർപ്പിക്കും. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതിയിലാണ് കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. സംഭവം നടന്ന് 75 ദിവസത്തിനുള്ളിലാണ് കുറ്റപത്രം തയാറായത്. ഏപ്രിൽ 22 നാണ് തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (66), ഭാര്യ ഡോ. മീര (62) എന്നിവർ സ്വവസതിയിൽ ക്രൂരമായി കൊല്ലപ്പെട്ടത്.
ഇവരുടെ വീട്ടിലെ ജീവനക്കാരനായിരുന്ന അസം സ്വദേശി അമിത് ഉറാങ്ങാണ് പ്രതി. ഇയാൾക്ക്ദമ്പതികളോടുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൂന്ന് വർഷത്തോളം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും വിശ്വസ്തനായി ജോലി ചെയ്തിരുന്ന ഇയാൾ ഇവരുടെ മൊബൈൽഫോണുകൾ മോഷ്ടിച്ച് പണം തട്ടിയെടുത്തതിന് ജയിലിലായിരുന്നു. ഇതേ തുടർന്ന് ഭാര്യ ഉപേക്ഷിച്ച് പോയി. ഈ സംഭവത്തിലെ പ്രതികാരമാണ്കൊലയിലേക്ക് നയിച്ചതെന്നും ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് കൊലപാതകമെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലക്ക് ശേഷം മുങ്ങിയ അമിതിനെ തൃശൂർ മാളക്ക് സമീപമുള്ള കോഴി ഫാമിൽ നിന്ന് പിറ്റേദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ വിരലടയാളവും സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി വലയിലായത്. കോടാലി കൊണ്ട് തലക്കും മുഖത്തുമേറ്റ മാരക പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കൊലക്ക് ഉപയോഗിച്ച കോടാലിയിലേതുൾപ്പെടെ വിരലടയാളങ്ങളാണ് പ്രതി അമിത് ആണെന്ന് തെളിയിക്കാൻ സഹായകമായത്.
22 ന് രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു കൊലപാതകം. വിജയകുമാറിന്റെ വീടിന്റെ മതിൽചാടി എത്തിയ പ്രതി മുൻവശത്തെ ജനാലയുടെ സ്ക്രൂ ഇളക്കി വിടവുണ്ടാക്കി അതിലൂടെ വാതിലിന്റെ കൊളുത്ത് തുറന്ന് ഉള്ളിൽ കയറുകയായിരുന്നു. തുടർന്ന് ഔട്ട് ഹൗസിൽ നിന്നും എടുത്ത കോടാലി ഉപയോഗിച്ച് ഇരുമുറികളിലായി കിടന്നുറങ്ങുകയായിരുന്ന വിജയകുമാറിനെയും മീരയെയും വെട്ടിക്കൊലപ്പെടുത്തി. ഇരുവരുടെയും വസ്ത്രങ്ങൾ വലിച്ചുകീറാനും ശ്രമിച്ചിരുന്നു. ഇവിടെ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റും ഉപേക്ഷിച്ചിരുന്നു. തുടർന്ന് റെയിൽവെ സ്റ്റേഷനിലെത്തി അവിടെ നിന്നും തൃശൂരിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്. തെളിവായി പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.