കോട്ടയം: ആറാം പ്രവൃത്തി ദിവസത്തെ സാധുവായ ആധാർ കാർഡുള്ള കുട്ടികളുടെ എണ്ണം മാത്രം പരിഗണിച്ച് തസ്തിക നിർണയ നടപടികളുമായി മുന്നോട്ടുപോകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി പ്രധാനാധ്യാപകർ. ഈ വർഷത്തെ തസ്തിക നിർണയം നടത്തുന്നതിന് ജൂൺ 30 വരെ ആധാർ ലഭിച്ച കുട്ടികളെ കൂടി പരിഗണിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. ജൂലൈ അഞ്ചിനു ചേർന്ന യോഗത്തിൽ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയിരുന്നതായി പ്രധാനാധ്യാപകർ പറയുന്നു.
എന്നാൽ ആ ഉറപ്പ് പാലിക്കാതെ, ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനർ വിന്യസിച്ച് ഉത്തരവ് ഇറങ്ങിത്തുടങ്ങി. ആറാം പ്രവൃത്തി ദിവസത്തിനു മുമ്പ് ആധാർ കാർഡ് ലഭിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ പല സ്കൂളുകളിലും നൂറു കണക്കിന് അധ്യാപകരാണ് തസ്തിക നഷ്ടപ്പെട്ട് പുനർ വിന്യസിക്കപ്പെടുന്നത്. ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ ഭക്ഷണം, പാഠപുസ്തകം, യൂനിഫോം തുടങ്ങിയവ അനുവദിക്കുമെങ്കിലും തസ്തിക നിർണയത്തിന് ഇവരെ പരിഗണിക്കുകയില്ല.
സ്കൂൾ തുറന്ന് ആറു ദിവസത്തിനകം ആധാർ ലഭ്യമാക്കാൻ സ്കൂൾ അധികൃതർക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ല. രണ്ടുമാസം മുമ്പേ ആധാർ കാർഡിന് അപേക്ഷിച്ചവർക്ക് പോലും ഈ വർഷം യഥാസമയം ആധാർ കാർഡ് ലഭിച്ചിട്ടില്ല. അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴാണ് ജൂൺ 30 വരെ ആധാർ കാർഡ് ലഭിച്ച കുട്ടികളെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ 81 അധ്യാപകരെയും കാസർകോഡ് 42 പേരെയും പുനർവിന്യസിച്ച് വിദ്യാഭ്യാസ ഡയറക്ടർമാർ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കി. മറ്റു ജില്ലകളിലും അടുത്ത ദിവസങ്ങളിൽ ഉത്തരവിറങ്ങും.
തസ്തിക നിർണയത്തിന് ജൂൺ 30 വരെ ലഭിച്ച ആധാർ കാർഡുകൾ പരിഗണിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമായി ഇറക്കിയ ഉത്തരവുകൾ പിൻവലിക്കണമെന്നും കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ( കെ.ജി.പി.എസ്.എച്ച്.എ ) ജനറൽ സെക്രട്ടറി ഇ.ടി.കെ ഇസ്മയിൽ, പ്രസിഡന്റ് ബിജു തോമസ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.