കോട്ടയം: പൊതുനിരത്തിൽ വാഹനങ്ങൾക്കും യാത്രികർക്കും ഭീഷണിയായി സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. ജില്ലക്കകത്തും പുറത്തും സർവിസ് നടത്തുന്ന ബസുകളും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള റോഡ് റേസാണ് നിരത്തുകളിൽ. സമയത്തെച്ചൊല്ലി ബസ് തൊഴിലാളികൾ തമ്മിലുള്ള സംഘട്ടനവും പതിവുകാഴ്ചയാണ്. അപകടങ്ങളിൽപെടുന്ന യാത്രക്കാരുടെ പരാതികൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുകയാണ്.
രണ്ടുമാസത്തിനിടെ കോട്ടയത്ത് ചെറുതും വലുതുമായ പത്തിലധികം അപകടങ്ങൾ സ്വകാര്യബസുകളുടെ മത്സരയോട്ടത്തിൽ ഉണ്ടായി. നിരവധി ജീവനും പൊലിഞ്ഞു. അപകടങ്ങൾക്ക് ഇടയാക്കുന്നത് അമിതവേഗവും അശ്രദ്ധയുമാണ്. ഓവർടേക്ക് ചെയ്തും തെറ്റായ ദിശയിലൂടെ സഞ്ചരിച്ചുമാണ് ചീറിപ്പാച്ചിൽ. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന ബസുകളുടെ ഡോറുകളും കൃത്യമായി പലപ്പോഴും അടക്കാതെയും സർവിസ് നടത്തുന്നുണ്ട്.
സമയത്തെ പിന്നിലാക്കാൻ പരക്കംപാച്ചിൽ
ജില്ലയിൽ സർവിസ് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ ബസുകളുടെയും വേഗം 70ന് മുകളിലാണ്. നഗരത്തിലെ തിരക്ക് അനുസരിച്ച് റൂട്ടിൽ അമിതവേഗത്തിലാണ് ബസുകളുടെ സർവിസ്. രാവിലെയും വൈകീട്ടുമുള്ള റോഡിലെ തിരക്കുകളെ മറികടക്കാനുള്ള ബസുകളുടെ പാച്ചിലിൽ തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നതും. പലപ്പോഴും യാത്രക്കാർക്ക് ഓടുന്ന ബസിൽനിന്ന് ചാടിയിറങ്ങുകയോ കയറുകയോ ചെയ്യേണ്ട അവസ്ഥയാണ്.
മത്സരയോട്ടത്തിന്റെ ഭാഗമായി യാത്രക്കാരെ അവഗണിച്ചും സ്റ്റോപ്പിൽനിന്ന് മാറ്റിയുമാണ് പലപ്പോഴും യാത്രക്കാരെ ഇറക്കിവിടുന്നതും. ഇതും അപകടത്തിന് ഇടയാക്കുന്നു. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയുയർത്തിയാണ് മരണപ്പാച്ചിൽ. സ്വകാര്യ ബസുകൾക്ക് സെക്കൻഡുകളുടെ വ്യത്യാസത്തിൽ സമയക്രമം നിശ്ചയിക്കുന്നതും സ്റ്റാൻഡിൽ കയറുന്നതിനുമാണ് മത്സരയോട്ടം.
പരാതിയുണ്ട്, നടപടിയില്ല
കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന നിരവധി പരാതികൾ എത്തുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നത് അപൂർവമായാണ്. അമിതവേഗം, യാത്രക്കാരോട് മോശം പെരുമാറ്റം, മറ്റു വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി പരാതികളുണ്ടെങ്കിലും ജീവനക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോട്ടയം-എറണാകുളം റൂട്ടിലെ സ്വകാര്യ ബസുകള്‍ക്കെതിരെ അവസാനം തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത് വെള്ളൂര്‍ പഞ്ചായത്ത് അംഗമാണ്.
കഴിഞ്ഞയാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. തലയോലപ്പറമ്പ് മാർക്കറ്റ് ജങ്ഷന് സമീപം തെറ്റായദിശയിൽ അമിതവേഗത്തിലെത്തിയ ബസിൽനിന്ന് തലനാരിഴക്കാണ് പഞ്ചായത്ത് അംഗം രക്ഷപ്പെട്ടത്. ബൈക്കിനു സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അമിതവേഗത്തെ സംബന്ധിച്ച് നിരവധി ചിത്രങ്ങളും വിഡിയോയും മോട്ടോർ വാഹനവകുപ്പിനും ലഭിക്കുന്നുണ്ടെങ്കിലും പരിശോധനയോ നടപടിയോ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മത്സരയോട്ടം നടക്കുന്ന റൂട്ടുകൾ
കോട്ടയം-എറണാകുളം, കെ.കെ റോഡ്, മണർകാട്-പാലാ റോഡ്, അയർക്കുന്നം-കിടങ്ങൂർ റോഡ്, ഏറ്റുമാനൂർ-കാണക്കാരി-എറണാകുളം റോഡ്, കോട്ടയം-മെഡിക്കൽ കോളജ് റോഡ്-അതിരമ്പുഴ റോഡ്, കോട്ടയം-കല്ലറ റോഡ്, ചങ്ങനാശ്ശേരി-വാഴൂർ റോഡ്-കറുകച്ചാൽ റോഡ്, ചങ്ങനാശ്ശേരി-തെങ്ങണ.
അഴിഞ്ഞാടി ‘അപകടകാരികൾ’
കോട്ടയം -എറണാകുളം റൂട്ട് കുത്തകയായി സർവിസ് നടത്തുന്ന പ്രമുഖ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബസുകളാണ് മേഖലയിലെ അപകടകാരികൾ. റോഡ് നിയമങ്ങളോ മറ്റുള്ള വാഹനങ്ങളെയോ വകവെക്കാതെയാണ് ഇവരുടെ ഭൂരിഭാഗം സർവിസുകളും. കോട്ടയത്തേക്ക് വരുന്ന മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിൽനിന്നുള്ള ബസുകളും പാലാ, പള്ളിക്കത്തോട് ഉൾപ്പെടെ സർവിസ് നടത്തുന്ന ബസുകളും മണർകാട് ടൗണിൽ ഒരേസമയം എത്തുന്നതോടെ മത്സരത്തിന് കളമൊരുങ്ങും. ഇത്തരത്തിൽ അപകടകരമായ രീതിയിൽ സർവിസ് നടത്തിയ രണ്ട് ബസുകളെ കഴിഞ്ഞദിവസം കഞ്ഞിക്കുഴിയിൽ പിന്തുടർന്ന് പിടികൂടിയിരുന്നു. അമിതവേഗത്തിൽ പാഞ്ഞ് പാമ്പാടി സ്വദേശിയുടെ ജീവൻ റോഡിൽ പൊലിഞ്ഞ സംഭവവും ഉണ്ടായി. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കെ.കെ.റോഡിൽ ദിനംപ്രതി ഉണ്ടാകുന്നത്.
നിയമലംഘനങ്ങൾ നിരവധി
സ്പീഡ് ഗവേണറുകൾ വിച്ഛേദിച്ചാണ് ബസുകളുടെ പരക്കംപാച്ചിൽ. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ട്രാഫിക് സിഗ്നലുകൾ തെറ്റിച്ചും അപകടകരമായ രീതിയിലുള്ള ഓവർടേക്കിങും പതിവാണ്. 2024ൽ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് സമീപത്തെ വളവിൽ അമിതവേഗതയിലെത്തിയ ബസ് അപകടത്തിൽപെട്ടിരുന്നു. 40ഓളം യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഈ ബസിന് പെർമിറ്റ് ഉണ്ടായിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. നിർദേശങ്ങൾ കാറ്റിൽ പറത്തിയും പെർമിറ്റ് ഇല്ലാതെയും ഇപ്പോഴും ബസുകളുടെ സർവിസ് തുടരുകയാണ്. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും നടപടി താൽക്കാലിക ലൈസൻസ് റദ്ദാക്കലിൽ ഒതുങ്ങുകയാണ്. എന്നാൽ, മത്സരയോട്ടങ്ങൾക്ക് കുറവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.