കൽപറ്റ: വയനാട്ടുകാരുടെ പ്രധാന യാത്രാ മാർഗമായ വയനാട് ചുരവുമായി ബന്ധപ്പെട്ട് സുരക്ഷ ഉൾെപ്പടെയുള്ള പ്രശ്നങ്ങൾ വ്യാപകമായി ചർച്ച ചെയ്യുമ്പോൾ ചുരം ബദൽ പാതക്കായുള്ള മുറവിളിയും ശക്തമാകുന്നു. ചുരത്തിന് ബദൽപാതകൾക്ക് കാലങ്ങളായി മാറിവരുന്ന സർക്കാറുകൾ വിവിധ നടപടി സ്വീകരിക്കാറുണ്ടെങ്കിലും തുടർനടപടി ഒന്നും ഉണ്ടാകാറില്ല. ചുരത്തിന് ബദൽപാതയായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് കാലങ്ങളായി ഉയരുന്നതാണ്. കോടഞ്ചേരി, പുതുപ്പാടി, വൈത്തിരി പഞ്ചായത്തുകളിലൂടെയാണു റോഡ് പോകുന്നത്.
രണ്ടുതവണ സർവേ നടത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയെങ്കിലും പിന്നീട് പുരോഗതിയൊന്നുമുണ്ടായില്ല. വൻകിട പദ്ധതികളെക്കാൾ വേഗത്തിലും കുറഞ്ഞ ചെലവിലും പൂർത്തിയാക്കാവുന്നതും കുറഞ്ഞ ദൂരമുള്ളതുമാണ് നിർദിഷ്ട ചുരം ബൈപാസെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. മറ്റൊരു ബദൽ പാതയായി നിർദേശിക്കപ്പെട്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് നിർമാണം 1994ൽ ആരംഭിച്ചിരുന്നു.
പിന്നീട് സാങ്കേതിക തടസ്സങ്ങളുടെ പേരിൽ നിലച്ചു. 52 ഏക്കർ വനഭൂമിക്കു പകരം 104 ഏക്കർ ഭൂമി വനവത്കരണത്തിനു വിട്ടുകൊടുക്കുകയും റോഡിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും 1994-95 വർഷത്തെ ബജറ്റിൽ പ്രവൃത്തികൾക്ക് ഒരു കോടി വകയിരുത്തുകയും ചെയ്തു. എന്നാൽ, വനം വകുപ്പിന്റെ എതിർപ്പ് കാരണം റോഡ് നിർമാണം തടസ്സപ്പെടുകയായിരുന്നു.
വടക്കേ വയനാട്ടിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് എളുപ്പത്തിൽ ബന്ധപ്പെടാനുള്ള ബദൽപാത നിർദേശമായിരുന്നു കുഞ്ഞോം-വിലങ്ങാട് റോഡ്. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്തുനിന്ന് ആരംഭിച്ച് കുങ്കിച്ചിറ, പാലോം വഴി കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എത്തുന്നതാണ് ഈ റോഡ്. ഇതുമായി ബന്ധപ്പെട്ട ഫയലുകളും ഇപ്പോൾ വിശ്രമത്തിലാണ്. മേപ്പാടി-നിലമ്പൂർ ബദൽ റോഡ് നിർദേശത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മേപ്പാടി മുതൽ മുണ്ടക്കൈ വരെയും നിലമ്പൂർ മുതൽ പോത്തുകല്ല് വരെയും നിലവിൽ റോഡുണ്ട്.
ബാക്കിയുള്ള ഭാഗങ്ങളിൽ കുറച്ചു ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് പ്രധാന തടസ്സം. മേപ്പാടി കള്ളാടി തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ മാത്രമാണ് ഇപ്പോൾ സർക്കാറിന്റെ കാര്യമായ പരിഗണനയിലുള്ളത്. ഇതിന്റെ നിർമാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാനിരിക്കുകയാണ്. ചുരം യാത്ര പ്രശ്നങ്ങൾക്ക് ഇവ പൂർണമായ പരിഹാരമാകില്ലെന്ന് ഉറപ്പാണെങ്കിലും വയനാട്ടിലേക്കുള്ള മറ്റൊരു ബദൽ പാതയായി ഇതും പരിഗണിക്കപ്പെടും.
ആദ്യം നിർമാണം തുടങ്ങുക വയനാട്ടിൽ
കൽപറ്റ: തുരങ്കപാതയുടെ നിർമാണം ആദ്യം തുടങ്ങുക വയനാട് ഭാഗത്താണെന്ന് പദ്ധതി യുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയ കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ്അറിയിച്ചു . കള്ളാടി, മീനാക്ഷി പാലത്തിന് സമീപം രണ്ടാഴ്ചയായി നിലം നിരപ്പാക്കുന്ന പ്രവൃത്തി നടക്കുകയാണ്. തുടർന്ന് ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ നടക്കും. ഇതിനുള്ള ഉപകരണങ്ങൾ എത്തിക്കഴിഞ്ഞു.
തുരങ്കത്തിന്റെ ഡിസൈൻ ആണ് ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷനിലൂടെ തയാറാക്കുന്നത്. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡ് (സംസ്ഥാന പാത -59), കോഴിക്കോട്ട് ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡ് എന്നീ രണ്ട് റോഡുകൾ തുരങ്ക പാതയുമായി ബന്ധിപ്പിക്കും. കള്ളാടിയിൽ, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പിൽ നിന്ന് 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരുക. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
പ്രാഥമിക നടപടികൾ ആരംഭിച്ചത് 25 വർഷം മുമ്പ്
കൽപറ്റ: ആനക്കാം പൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണോദ്ഘാടം ഞായറാഴ്ച നടക്കുമ്പോൾ 25 വർഷം മുമ്പാരംഭിച്ച പദ്ധതികളും ചർച്ചയാകുന്നു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് 2023ൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് കള്ളാടിയിൽ നിന്നും തൊള്ളായിരം കണ്ടിവരെ രണ്ട് കിലോമീറ്റർ ദൂരം റോഡിന്റെ പ്രാഥമിക പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
വയനാടൻ ചുരത്തിന് ബദൽ റോഡ്, അനന്തമായ ടൂറിസം സാധ്യതകൾ, കാർഷിക മേഖലയുടെ വികസനം എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്. മുൻമന്ത്രിയും കൽപറ്റ എം.എൽ.എ യുമായിരുന്ന പരേതനായ കെ.കെ. രാമചന്ദ്രൻ മാസ്റ്ററായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. നജീബ് കാരാടൻ ആയിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. എന്നാൽ, വനം വകുപ്പിന്റെ അനുമതിയിൽ കുടുങ്ങി. പിന്നീട് പണികൾ ആരംഭിക്കാൻ സാധിച്ചില്ല. 2006ൽ തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസ് മുൻകൈ എടുത്ത് തുരങ്ക പാത സാധ്യത അന്വേഷണം ആരംഭിച്ചു. അതിന്റെ തുടർച്ച എന്ന നിലയിലാണ് പദ്ധതി മുന്നോട്ടു പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.