ഭൂതാനത്ത് എത്തിയ കാട്ടാനകൾ വിൽസൺ ചാലക്കുടിയുടെ ഇഞ്ചി കൃഷി നശിപ്പിച്ച നിലയിൽ
പുൽപള്ളി: പുൽപ്പള്ളിയിലെ ഭൂദാനം, മരകാവ്, വേലിയമ്പം, മൂഴിമല, കാപ്പിക്കുന്ന് പ്രദേശങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷം. നിരവധി കർഷകരുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. രാത്രിയിൽ പ്രദേശത്തെത്തുന്ന കാട്ടാനകള്‍ വ്യാപകമായ നാശനഷ്ടമാണ് വരുത്തുന്നത്.
ഞായറാഴ്ച രാത്രിയിൽ ഭൂതാനത്ത് എത്തിയ രണ്ട് കാട്ടാനകൾ വിൽസൺ ചാലക്കുടിയുടെ ഇഞ്ചി കൃഷി ചവിട്ടി നശിപ്പിച്ചു. ആനകൾ കൃഷിയിടത്തിലൂടെ നടന്നുപോവുകയായിരുന്നു.
മുളച്ചുവരുന്ന ഇഞ്ചി ചെടികളും ഒരുക്കിയ സ്ഥലവും ചവിട്ടി നശിപ്പിച്ചു. ഒരേക്കർ സ്ഥലത്ത് വിൽസൺ വരദ, മാരൻ തുടങ്ങിയ ഇഞ്ചി വിത്തുകളാണ് നട്ടിരുന്നത്. ഇപ്പോള്‍ മുളച്ചു വരുന്ന സമയത്താണ് ഇവ ആന ചവിട്ടി നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ചാലക്കുടി ജോർജ്, കാട്ടിയിൽ വക്കച്ചൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലൂടെ കാട്ടാന കയറിയിറങ്ങി.
എല്ലാ ദിവസവും പ്രദേശത്ത് കാട്ടാനയെത്തുന്നത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. നെയ്ക്കുപ്പ വനത്തിൽ നിന്നാണ് കാട്ടാന ഇവിടേക്കെത്തുന്നത്. വനത്തിന് സമീപത്തെ വേലി, ട്രഞ്ച് എന്നിവ പുതിയ തൂക്കുവേലി സ്ഥാപിക്കുന്നതിനായി നീക്കം ചെയ്തിരുന്നു. ഇതും ആനകൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. പുതിയവേലി നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ് വനംവകുപ്പ് ജീവനക്കാർ.
എന്നാൽ, പണി പൂർത്തിയാകുന്നതുവരെ പ്രദേശത്ത് കാട്ടാനകൾ സ്ഥിരം കയറിയിറങ്ങുന്ന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.