കൽപറ്റ: 2131 ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള 38 ശതമാനവും വനമായ വയനാട് ഇന്നൊരു തുറന്ന ജയിലാണ്. ഒരുഭാഗത്ത് വയനാട്-മൈസൂരു ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂരിൽ വർഷങ്ങളായുള്ള രാത്രിയാത്രനിരോധം, മറുഭാഗത്ത് ഏതുനിമിഷവും ദുരന്തവും ദുരിതവും കാത്തിരിക്കുന്ന താമരശ്ശേരി ചുരം. ഭാഗ്യം മാത്രം കൈമുതലാക്കിയാണ് വയനാട്ടുകാർ ഈ തുറന്ന ജയിലിൽ പാർക്കുന്നത്.
പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹിക്കപ്പെട്ട വയനാട്ടിലേക്ക് മറ്റിടങ്ങളിൽനിന്ന് വിനോദസഞ്ചാരികൾ അടക്കമുള്ളവർക്ക് വരാതിരിക്കാം. എന്നാൽ, നല്ലൊരു ആതുരാലയം പോലുമില്ലാത്ത ഈ നാട്ടിലെ ജനങ്ങൾക്ക് എല്ലാറ്റിനും ചുരമിറങ്ങുകയേ നിർവാഹമുള്ളൂ. ചുരത്തിലെ കുരുക്കിൽപെട്ട് ജീവൻപൊലിയാനാണ് അത്യാസന്നനിലയിൽ ആംബുലൻസിൽ പോകുന്നവരുടെയടക്കം വിധി.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. ഒമ്പത് വളവുകളുള്ള താമരശ്ശേരി ചുരം മൈസൂരുവിലേക്കുള്ള തന്റെ പടയോട്ടത്തിന് എളുപ്പമുള്ള യാത്രാസൗകര്യമൊരുക്കാൻ ടിപ്പു സുൽത്താനാണ് നിർമിച്ചതെന്നാണ് ചരിത്രസത്യം. എന്നാൽ, കരിന്തണ്ടനെന്ന ആദിവാസി മൂപ്പൻ കാണിച്ച വഴികളിലൂടെയാണ് ചുരംപാത വന്നതെന്നാണ് ഐതിഹ്യം.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കി.മീറ്ററോളം ദൈർഘ്യമുള്ള ചുരത്തിൽ കഠിനമായ ഒമ്പത് മുടിപ്പിൻ വളവുകളാണുള്ളത്. പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2625 അടി മുകളിലെത്തും. ഒമ്പതാമത്തെ മുടിപ്പിൻ വളവിലാണ് വ്യൂ പോയന്റുള്ളത്.
നയനമനോഹരമായ കാഴ്ചയൊരുക്കുന്ന ഇവിടം സഞ്ചാരികളുടെ ഒത്തുകൂടൽ കേന്ദ്രംകൂടിയാണ്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇതിന് സമീപം വൻമണ്ണിടിച്ചിലുണ്ടായി പാറകളടക്കം ചുരംറോഡിലേക്ക് വീണ് ഗതാഗതക്കുരുക്കുണ്ടായത്. തുടർന്ന് ചുരം ഗതാഗതം പൂർണമായി നിരോധിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും കല്ലുകൾ ഇടിഞ്ഞതിനാൽ നിരോധനം തുടരുകയായിരുന്നു.
വയനാട് ചുരമെന്നാൽ പുറത്തുള്ള സഞ്ചാരികൾക്ക് ഹരമുള്ള അനുഭവമാണെങ്കിൽ വയനാട്ടുകാർക്ക് അവരുടെ നിത്യജീവിതത്തിന് മുന്നിൽ തൂങ്ങിയാടുന്ന മൂർച്ചയുള്ള വാളാണ്. എന്നാണ് എപ്പോഴാണ് ഇതിലൂടെയുള്ള യാത്ര നിലക്കുകയോ ദിനങ്ങൾ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടാവുകേയാ എന്ന് ഒരുനിശ്ചവുമില്ല.
2.30 മണിക്കൂർ ദൈർഘ്യമുള്ള കൽപറ്റ-കോഴിക്കോട് യാത്രക്ക് എന്നുമവർ നാലോ അഞ്ചോ മണിക്കൂർ നേരത്തേ പുറപ്പെടുന്നതും ഇതിനാലാണ്. ചുരത്തിൽ വലിയ പാറക്കല്ല് ബൈക്കിന് മുകളിലേക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചത് 2022 ഏപ്രിലിലാണ്. മഴക്കാലത്ത് ചുരത്തിൽ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും ആദ്യമായാണ് പാറ യാത്രക്കാരന്റെ ദേഹത്തേക്ക് വീണ് മരണം സംഭവിക്കുന്നത്.
ഇതിന് ശേഷവും വിവിധ വളവുകളിൽ പാറക്കഷ്ണങ്ങൾ റോഡിലേക്ക് ഇടിഞ്ഞുവീണ നിരവധി സംഭവങ്ങളുണ്ടായി. വീഴാൻ പാകത്തിൽ നിരവധി പാറക്കൂട്ടങ്ങൾ പലയിടത്തും ഉണ്ടെങ്കിലും അധികൃതർ കാര്യമാക്കുന്നില്ല. ചൊവ്വാഴ്ച വ്യൂപോയിന്റിലുണ്ടായ മണ്ണിടിച്ചിലിൽ ഭാഗ്യംകൊണ്ടാണ് ആളപായമുണ്ടാകാതിരുന്നത്.
കുറ്റ്യാടി ചുരം, കൊട്ടിയൂർ പാൽചുരം, പേര്യ ചുരം, താമരശ്ശേരി ചുരം എന്നിവയാണ് വയനാട്ടിലേക്കുള്ള ചുരംപാതകൾ. ഇതിൽ താമരശ്ശേരി ഒഴികെ മറ്റെല്ലാം വടക്കൻ വയനാട്ടുകാർക്കാണ് ആശ്രയിക്കാനാകുക. അവയാക്കെ ചെങ്കുത്തായ ഇറക്കങ്ങളും വളവുകളുമുള്ളവയും പലസമയത്തും മണ്ണിടിച്ചിലടക്കം ഉണ്ടാകുന്നവയുമാണ്.
ദേശീയപാത 766 (താമരശ്ശേരി-ഗുണ്ടല്‍പേട്ട്-നഞ്ചന്‍കോട്-മൈസൂരു-കൊല്ലേഗല്‍) ലൂടെയാണ് കർണാടകയിലേക്കടക്കമുള്ള യാത്രയെന്നതിനാൽ താമരശ്ശേരി ചുരത്തിനാണ് ഏറ്റവും വലിയ യാത്രാപ്രാധാന്യമുള്ളത്. എന്നാൽ, ഈ ചുരം ദിനേനയെന്നോണം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്.
അവധിദിനങ്ങളിലും ആഴ്ച അവസാനദിനങ്ങളിലും മറ്റു സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നുമെത്തുന്ന സഞ്ചാരികളെ കൊണ്ടടക്കം ചുരം നിറയുകയാണ്. ഭാരവാഹനങ്ങൾ വഴിയിൽ കേടാകുന്നതിനാൽ മണിക്കൂറുകളാണ് ഭക്ഷണവും വെള്ളവും കിട്ടാതെ യാത്രക്കാർ ചുരത്തിൽ കുടുങ്ങുന്നത്.
2009 ജൂണ്‍ ഒന്നിനാണ് വയനാട്-മൈസൂരു ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെ രാത്രിഗതാഗതം പൂർണമായി നിരോധിച്ചത്. അന്നത്തെ ചാമരാജ്നഗര്‍ കലക്ടറാണ് ഉത്തരവിട്ടത്. വയനാട് അതിര്‍ത്തി മുതല്‍ മദൂര്‍ ചെക്പോസ്റ്റ് വരെയുള്ള 18 കി.മീറ്റര്‍ വനമേഖലയിലാണ് നിരോധനം.
പാതയില്‍ വാഹനങ്ങളിടിച്ച് വന്യമൃഗങ്ങള്‍ ചാകുന്നത് വര്‍ധിച്ചതോടെയാണ് കർണാടക സര്‍ക്കാര്‍ കടുത്ത തീരുമാനമെടുത്തത്. ഉടൻ നിരോധനം നീക്കുമെന്ന പ്രതീക്ഷ ആദ്യകാലത്ത് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പ്രതീക്ഷ നിലച്ചു.
നിരോധന സമയത്ത് കുട്ടവഴി മാനന്തവാടിയിലെത്തിയാണ് കേരളത്തിലേക്കുള്ള കർണാടകയിൽനിന്നുള്ള വാഹനങ്ങൾ യാത്ര തുടരുന്നത്. നിരോധനത്തിനെതിരെ കേരളം പ്രതിഷേധം ഉയര്‍ത്തുകയും ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ, കർണാടക വനംവകുപ്പ് നിരോധം തുടരണമെന്ന കർശന നിലപാടാണ് സ്വീകരിക്കുന്നത്. സുപ്രീം കോടതിയിലെ ഹരജിയിലാണ് മേൽപാല നിര്‍മാണമെന്ന ബദല്‍ ആശയം രൂപപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.