ദർബാർ ഹാളിൽ നടന്ന പൊതു ദർശന ചടങ്ങിനിടെ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വി.എസ് അച്യൂതാനന്ദന്റെ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അവസാനമായി കാണാൻ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെത്തി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം അർപ്പിച്ച് അദ്ദേഹം അന്ത്യാഞ്ജലി നേർന്നു. രാവിലെയോടെ ദർബാർ ഹാളിൽ ആരംഭിച്ച പൊതുദർശന ചടങ്ങിലേക്കാണ് എം.എ യൂസഫലി എത്തിയത്. വിമാന മാർ​ഗം തിരുവനന്തപുരത്ത് എത്തിയ ലുലു ​​ഗ്രൂപ്പ് ചെയർമാൻ ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിൽ പങ്കുചേർന്നു.

​ഗവർണർ രാജേന്ദ്ര അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അം​ഗം വൃന്ദാ കാരാട്ട്, മുൻ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. വി.എസിന്റെ നിര്യാണത്തിൽ ദുഖം പങ്കുവച്ചു. മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ചും മകൾ വി.വി ആശയുടെ ഭർത്താവിനെ കണ്ട് ആശ്വസ വാക്ക് നൽകിയുമാണ് അദ്ദേഹം മടങ്ങിയത്. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവും, അതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവുമായിരുന്നു വി.എസ്. പ്രവാസികൾക്കായി നോർക്ക റൂട്സ് ചെയർമാനായിരിക്കെ ബൃഹത്തായ ഇടപെടലുകൾ നടത്തി -എം.എ യൂസഫലി പറഞ്ഞു. 

എം.എ യൂസുഫലി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

സ്മാർട്സ് സിറ്റി അടക്കമുള്ള പദ്ധതികൾക്കായി വി.എസ് നടത്തിയ ഇടപെടുകൾ യൂസഫലി ഒർത്തെടുത്തു. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോ​ഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായത്. വി.എസുമായി വളരെ അടുത്ത സ്നേഹബന്ധമായിരുന്നുവെന്നും യൂസഫലി പറഞ്ഞു. 

എം.എ യൂസഫലി വി.എസിന്റെ മകൻ അരുൺ കുമാറിനെ ആശ്വസിപ്പിക്കുന്നു

2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ വസതിയിൽ അദ്ദേഹമെത്തിയത് ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്ത് ഇടപഴകാൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടായി. അതോടൊപ്പം കേരളത്തിലെ ഞങ്ങളു​ടെ ആദ്യ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് എനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ല. ചെളിയിൽ നിന്നും വിരിയിച്ച താമര എന്നായിരുന്നു കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമർശിച്ചതെന്നും അദ്ദേഹം ഓർത്തെടുത്തു. 

Tags:    
News Summary - MA Yusuff Ali paid last rites to VS Achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.