തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡോക്ടർ രാജീവ് കുമാറിനെതിരെ കേസ്

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടങ്ങിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. കാട്ടാക്കട റസിയ മന്‍സിലില്‍ എസ്.സുമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രാജീവ് കുമാര്‍ മാത്രമാണു കേസില്‍ പ്രതി. ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സുമയ്യ വെള്ളിയാഴ്ച പൊലീസിൽ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജീവനോ വ്യക്തി സുരക്ഷയോ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി പ്രവർത്തിച്ചതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. 2023 മാര്‍ച്ച് 22നാണ് സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഡോ. രാജീവ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതിന് ശേഷം എട്ട് ദിവസം തീവ്രപരിചണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു.

ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവർഷം ചികിത്സ തുടർന്നു. എന്നാൽ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോൾ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. എക്‌സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്‌റോ‌സ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗൈഡ് വയർ കണ്ടത്. എക്‌സ്റേയുമായി ഡോ.രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടർ പിഴവ് സമ്മതിച്ചു. മറ്റാരോടും പറയരുതെന്നും മറ്റു ഡോക്ടർമാരുമായി സംസാരിച്ച്, കീ ഹോൾ വഴി ട്യൂബ് എടുത്ത് നൽകാമെന്നും ഉറപ്പ് നൽകി.

പിന്നീട് രാജീവ് കുമാറിന്‍റെ നിർദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. സി.ടി സ്‌കാനിൽ കാലപ്പഴക്കം കാരണം വയർ രക്തക്കുഴലുമായി ഒട്ടിച്ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ തനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നും യുവതി പൊലീസിൽ നൽകി‍യ പരാതിയിലുണ്ട്.

അതേസമയം, ശസ്ത്രക്രിയ വീഴ്ച പരിശോധിക്കാൻ വിദഗ്ധസമിതി രൂപവത്കരിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സാ പിഴവ് പരാതി ഉന്നയിച്ച സുമയ്യ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സർജറിക്ക് മുമ്പ് ഡോക്ടർ പണം കൈപ്പറ്റി’

തിരുവനന്തപുരം: സര്‍ജറിക്ക് മുന്നോടിയായി ഡോ. രാജീവ് കുമാർ പണം കൈപ്പറ്റിയതായി സുമയ്യ ആരോപിച്ചു. നെടുമങ്ങാടുള്ള ക്ലിനിക്കില്‍ പോയാണ് രണ്ട് തവണയായി നാലായിരം രൂപ നല്‍കിയത്. പിന്നീട് ഓരോ തവണ ചെല്ലുമ്പോഴും അഞ്ഞൂറ് രൂപ വീതം നല്‍കി. ഗൈഡ് വയര്‍ എടുത്തുനല്‍കാമെന്ന് പറഞ്ഞതിന്‍റെ പേരിലാണ് നിയമനടപടി സ്വീകരിക്കാതിരുന്നത്. ഡോ.രാജീവിനെ ആരോഗ്യ വിഭാഗം ഡയറക്ടര്‍ സംരക്ഷിക്കുകയാണെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുമയ്യ വ്യക്തമാക്കി.

Tags:    
News Summary - Medical malpractice case filed against Dr. Rajeev Kumar at Thiruvananthapuram General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.