തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ നേരത്തെ തന്നെ വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്.
ഏതാനും മാസങ്ങൾ മുമ്പാണ് ഇത് കണ്ടുപിടിച്ചത്. തുടർന്ന് അന്വേഷണത്തിന് വിദഗ്ധസമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട് ലഭിച്ചിട്ടില്ല. യുവതി ഇപ്പോൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉറപ്പാണ് -മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ഇന്നലെ മന്ത്രിയോട് മാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. എല്ലാം ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് ഇന്നലെ മന്ത്രി പറഞ്ഞത്.
അതേസമയം, ചികിത്സാ പിഴവിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐ.പി.സി 336, 338 എന്നീ വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ചികിത്സാപ്പിഴവ് സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സംഭവം ആരോഗ്യവകുപ്പ് നിസാരമായി കാണുന്നുവെന്ന് സുമയ്യയുടെ കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് ഡോക്ടർക്കെതിരെ കേസെടുത്തത്.
കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണത്ത് റസിയ മൻസിലിൽ സുമയ്യ (26) ആണ് നെഞ്ചിൽ ട്യൂബ് കുടുങ്ങി ദുരിതം അനുഭവിക്കുന്നത്. 2023 മാർച്ചിൽ ജനറൽ ആശുപത്രിയിൽ തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ സുമയ്യയുടെ നെഞ്ചിലാണ് ‘ഗൈഡ് വയർ’ എന്ന ട്യൂബ് കുടുങ്ങിയത്.
ശസ്ത്രക്രിയക്ക് ശേഷം രക്തവും മരുന്നും നൽകാനായി ഉപയോഗിച്ച സെൻട്രൽ ലൈനിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നതത്രേ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് ശ്രീചിത്രയിലും പിന്നീട് ആർ.സി.സിയിലുമടക്കം ചകിത്സതേടി. തുട്ര്‍ന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് ഗൈഡ് വയർ ശ്രദ്ധയിപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.