കൊല്ലങ്കോട് (പാലക്കാട്): നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിൽ ആശ്വാസത്തിലാണ് സ്വന്തം നാട്. യമനിൽ നഴ്സായിരുന്ന കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിയ, 2020 ആഗസ്റ്റിൽ ജുഡീഷ്യൽ കൗൺസിലിനെ സമീപിച്ചതിനെ തുടർന്ന് വധശിക്ഷക്ക് സ്റ്റേ ലഭിച്ചെങ്കിലും വീണ്ടും തീയതി നിശ്ചയിച്ച് യമൻ ഭരണകൂടം വധശിക്ഷയുമായി മുന്നോട്ടുപോകുകയായിരുന്നു. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരനായ തലാൽ അബ്ദുമഹ്ദിയാണ് കൊല്ലപ്പെട്ടത്.
തന്റെ ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് കൃത്യം നടത്തേണ്ടിവന്നതെന്ന് നിമിഷപ്രിയ കോടതിയിൽ സമ്മതിച്ചിരുന്നു. വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ പ്രേമ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖേന നിവേദനം നൽകിയിരുന്നു. നെന്മാറ എം.എൽ.എ കെ. ബാബുവിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് മോചനത്തിനുള്ള ഇടപെടൽ നടത്തിയിരുന്നു. നിമിഷപ്രിയയും അമ്മയും നേരത്തേ തേക്കിൻചിറയിലാണ് താമസിച്ചിരുന്നത്.
കൊല്ലങ്കോട് തേക്കിൻചിറയിൽ നിമിഷപ്രിയയുടെ കുടുംബം താമസിച്ചിരുന്ന വീട്
എന്നാൽ, കോവിഡിനുമുമ്പ് എറണാകുളത്തേക്കു മാറി. നെന്മേനി എൽ.പി സ്കൂളിലും യോഗിനിമാതാ ഹൈസ്കൂളിലും പഠിച്ച നിമിഷപ്രിയ കുറവിലങ്ങാട്ടും പിന്നീട് ബംഗളൂരുവിലുമായാണ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തൊടുപുഴ സ്വദേശി ടോമി തോമസിനെ 2012ൽ വിവാഹംചെയ്തശേഷം ഇരുവരും യമനിൽ പോയി. ടോമിക്ക് സ്വകാര്യസ്ഥാപനത്തിലും നിമിഷപ്രിയക്ക് ക്ലിനിക്കിലുമായിരുന്നു ജോലി. മകൾ ജനിച്ചപ്പോൾ ടോമി തോമസ് അവളുമായി നാട്ടിലെത്തി. ഇതിനിടെയാണ് കൊലപാതകം നടന്നത്. വധശിക്ഷയുമായി ബന്ധപ്പെട്ട കോടതി ചെലവുകൾക്കായി നിമിഷപ്രിയയുടെ കൊല്ലങ്കോട്ടെ വീട് വിറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.