തിരുവല്ല: മന്ത്രി വീണ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ച പാർട്ടി അംഗങ്ങളെ പുറത്താക്കാനുള്ള നീക്കം പാളി. സി.പി.എം ഇരവിപേരൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഓതറ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കമാണ് ഭൂരിപക്ഷം അംഗങ്ങളുടെയും എതിർപ്പിനെ തുടർന്ന് ലോക്കൽ കമ്മിറ്റി യോഗത്തിൽ പരാജയപ്പെട്ടത്.
ഓതറ ലോക്കൽ കമ്മിറ്റി അംഗവും സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ രാഹുൽരാജ്, മുൻ പഞ്ചായത്തംഗവും ലോക്കൽ കമ്മിറ്റി അംഗവുമായ ഒ.എസ്. സുധീഷ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കമാണ് ഭൂരിപക്ഷ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം നടപടി വിശദീകരിക്കാൻ പങ്കെടുത്തത്. എന്നാൽ, ഈ യോഗത്തിലും വീണ ജോർജിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരുകയാണുണ്ടായത്. മറ്റ് നേതാക്കൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നു.
ഓതറയിൽ സി.പി.എം നിർമിക്കുന്ന ഭവന പദ്ധതി സംബന്ധിച്ച് പരാതികൾ ഉണ്ടെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ടയാൾ യോഗത്തിൽ എത്തിയിട്ടില്ലെന്നും ഒരംഗം ചൂണ്ടിക്കാട്ടി. പാർട്ടി അംഗമായ ഒരാളുടെ അത്യാഹിത മരണമുണ്ടായിട്ടും തിരിഞ്ഞു നോക്കാതിരുന്ന മന്ത്രി, വ്യക്തി താൽപ്പര്യത്തോടെ മറ്റൊരാളുടെ മരണ വീട്ടിൽ എതിയത് പാർട്ടി ഏരിയ കമ്മിറ്റി അംഗം തന്നെ വിമർശിച്ച കാര്യം അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇപ്പോഴൂം പാർട്ടിക്ക് വിധേയപ്പെട്ട രീതിയല്ല വീണ ജോർജിനുള്ളതെന്നും ആരോപണം ഉയർന്നു. വിമർശനം തുടർന്നതോടെ ജില്ലാ കമ്മിറ്റി അംഗം ഇടപെട്ടു. ഇതോടെ തർക്കം രൂക്ഷമായി.
‘സമൂഹമാധ്യത്തിൽ വിമർശിച്ചാൽ പുറത്താക്കുമെന്ന് ഭീഷണി, പാർട്ടി ഘടകത്തിൽ സംസാരിച്ചാൽ മിണ്ടരുതെന്ന് ഭീഷണി. ഇതെന്താ ഏകാധിപത്യ പാർട്ടിയാണോ?’ എന്ന് ലോക്കൽ കമ്മിറ്റി അംഗം ചോദിച്ചു. പാർട്ടി അംഗമായ ആൾക്കെതിരെ മന്ത്രി നേരിട്ട് ഇടപെട്ട് തെറ്റായ റിപ്പോർട്ട് ഉണ്ടാക്കി സസ്പെൻഡ് ചെയ്ത സംഭവത്തിൽ പാർട്ടി എന്ത് നടപടിയെടുത്തു എന്നും അംഗങ്ങൾ ചോദിച്ചു. നിജസ്ഥിതി വ്യക്തമാക്കി ഡി.ഐ.ജി നൽകിയ റിപ്പോർട്ടും ഇപ്പോൾ പൂഴ്ത്തിയിരിക്കുകയാണ്. ആരോപണ വിധേയരായ ലോക്കൽ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്താൽ മതിയെന്ന് യോഗത്തിൽ പങ്കെടുത്ത 13 അംഗങ്ങളിൽ 11 പേരും നിർദേശിച്ചു. ഇതോടെ നടപടി നീക്കം പാളിയെന്ന് മനസിലാക്കിയ ജില്ലാ കമ്മിറ്റി അംഗം വിശദീകരണം ചോദിച്ച് ഏരിയ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.