തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കമാറുമായുള്ള ചർച്ചയിൽ ധാരണയായതിനെ തുടർന്ന് 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ നിന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ പിന്മാറി. പണിമുടക്കിൽ ഉറച്ചുനിൽക്കുന്ന വിഭാഗത്തെ അനുനയിപ്പിക്കാൻ ശ്രമമാരംഭിച്ചു.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കൽ, 140 കിലോമീറ്ററിലധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകൽ എന്നീ വിഷയങ്ങളിലായിരുന്നു പ്രധാനമായും ചർച്ച. വിദ്യാർഥിനിരക്കുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളും ബസുടമകളുമായി ചർച്ച നടത്തും. ഇതിനായി ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നേരിയ നിരക്ക് വർധന ശുപാർശ ചെയ്യുന്ന രവിരാമൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചർച്ച. കമീഷൻ നിർദേശിച്ചത് വലിയ വർധനവാണെന്ന് കരുതുന്നില്ലെന്നും സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചർച്ചക്കുശേഷം മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
140 കിലോമീറ്ററിന് മുകളിലെ സ്വകാര്യ പെർമിറ്റുകളുടെ കാര്യത്തിൽ രാഷ്ട്രീയതീരുമാനം വേണം. വ്യാഴാഴ്ച മുഖ്യമന്ത്രി കണ്ട് ഇക്കാര്യം ചർച്ചചെയ്യും. അതേസമയം വിഷയത്തിൽ കെ.എസ്.ആർ.ടി.സിക്കെതിരെ വന്ന കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ എട്ടിന് ബസുടമ സംയുക്ത സമിതി സൂചന പണിമുടക്ക് നടത്തിയിരുന്നു. കൂടാതെ, ചൊവ്വാഴ്ച 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമിതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ദീർഘകാലമായി സർവിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടേയും ദീർഘദൂര ബസുകളുടേയും പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ നൽകുകയും വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായും വർധിപ്പിക്കുകയും ചെയ്യുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചെലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്നത് നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകുകയും ധർണയും മാർച്ചുമടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്താൻ സംയുക്ത സമിതി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.