നിമിഷപ്രിയയുടെ വധശിക്ഷമാറ്റിയത് അമ്മയുടെ അപേക്ഷയിൽ; വിവരം നേരത്തെ അറിഞ്ഞിരുന്നെന്നും അഭിഭാഷക

ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷമാറ്റിയത് അമ്മയുടെ അപേക്ഷയിലാണെന്ന അവകാശവാദവുമായി അഭിഭാഷക. ​നിമിഷപ്രിയക്ക് വേണ്ടി 2019 മുതൽ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന അഭിഭാഷക ദീപ ജോസഫാണ് രംഗത്തെത്തിയത്. വധശിക്ഷ മാറ്റിയ വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് ചില ​​പ്രത്യേക കാരണങ്ങളാലാണ് ഇക്കാര്യം പുറത്തുവിടാതിരുന്നതെന്നും അവർ പറഞ്ഞു.

മാധ്യമങ്ങൾ നിമിഷ പ്രിയയുടെ വാർത്തകൾ റി​പ്പോർട്ട് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കണം. ഇന്ത്യയിൽ നിന്നും പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകളാണ് തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിക്കുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ കാണാനായി ആയിരങ്ങളാണ് യെമൻ തലസ്ഥാനമായ സനഅയിലേക്ക് വന്നത്. വൈകാരികമായ ഈ സാഹചര്യം നിലനിൽക്കുന്നതിനാലാണ് വധശിക്ഷ മാറ്റിയ വിവരം അറിയിക്കാതിരുന്നതെന്നും ദീപ അവകാശപ്പെട്ടു.

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഇന്ന് നടത്താനിരുന്ന വധശിക്ഷയാണ് മാറ്റിവെച്ചത്. വിദേശകാര്യ മന്ത്രാലയമാണ് വധശിക്ഷ മാറ്റിയവിവരം അറിയിച്ചത്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി പ്രമുഖർ ചർച്ച നടത്തിയിരുന്നു.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതിനാൽ, കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് വധശിക്ഷ മാറ്റിവെച്ചതായ വിവരം പുറത്തുവന്നിരിക്കുന്നത്.

നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു.

Tags:    
News Summary - Nimishapriya's death sentence commuted at mother's request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.