കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആചരിക്കും. ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയില്‍ കെ.പി.സി.സി സംഘടിപ്പിക്കുന്ന അനുസ്മരണയോഗം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. പുതുപ്പള്ളി സെന്റ് ജോർജ് പള്ളി മൈതാനത്ത് രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചന. തുടർന്നാണ് അനുസ്മരണയോഗം.
കുമരകത്തുനിന്ന് രാവിലെ റോഡ് മാര്‍ഗം പുതുപ്പള്ളിയിൽ എത്തുന്ന രാഹുല്‍ ഗാന്ധി പള്ളിമുറ്റത്തെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തും. അനുസ്മരണ യോഗത്തില്‍ ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി കെ.പി.സി.സി ആരംഭിക്കുന്ന ‘സ്മൃതി തരംഗം’ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച 11 വീടുകളുടെ താക്കോല്‍ദാനവും ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി മീനടത്ത് നിർമിക്കുന്ന രണ്ടാമത്തെ ടർഫിന്റെ നിർമാണോദ്ഘാടനവും നടക്കും. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ചടങ്ങുകള്‍ക്കായി പള്ളി മൈതാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. ജില്ല ഭരണകൂടവും കോൺഗ്രസ് നേതാക്കളും ഒരുക്കം വിലയിരുത്തി.
രണ്ടുതവണയായി ഏഴുവർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽനിന്ന് തുടർച്ചയായി 53 വർഷം എം.എൽ.എയായിരുന്നു. ഏറ്റവുമധികം കാലം ഒരുമണ്ഡലത്തിൽനിന്ന് എം.എൽ.എയായ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ 2023 ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി ബംഗളൂരുവിൽ അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.