പാലോട് രവിയെ കുരുക്കിലാക്കിയ ഫോണ്‍ വിളി വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അന്വേഷണ ചുമതല

തിരുവനന്തപുരം: പാലോട് രവി ഉൾപ്പെട്ട വിവാദ ഫോണ്‍ വിളി സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നിര്‍ദേശം നല്‍കി. അന്വേഷണ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നല്‍കിയിരിക്കുന്നത്. ശബ്ദ രേഖ പ്രചരിച്ചത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരം പാലോട് രവി തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. ശബ്ദരേഖ വിവാദമാക്കിയതിന് പിന്നില്‍ ജില്ലാ നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിഗമനം.

പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് താൻ സംസാരിച്ചതെന്നും ശബ്ദരേഖയുടെ മുഴുവന്‍ ഭാഗങ്ങളും പുറത്തു വിടണമെന്നും പാലോട് രവി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ വിശദീകരണത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ശബ്ദരേഖപുറത്തുവരാൻ കാരണം. ഓഡിയോ പ്രചരിച്ചതിന് പിന്നില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് കണ്ടെത്തണമെന്നും പാലോട് രവി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് വിവാദമായത്. സി.പി.എം നാലാം തവണയും അധികാരത്തിൽ വരും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സി.പി.എമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി അഭിപ്രായപ്പെട്ടിരുന്നു.

പാലോട് രവി രാജി വെച്ചതിനെ തുടർന്ന് മുന്‍ സ്പീക്കറും മുതിര്‍ന്ന നേതാവുമായ എന്‍. ശക്തന് തിരുവനന്തപുരം ഡി.സി.സി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. എന്‍. ശക്തന്‍ ഇന്ന് ചുമതല ഏറ്റെടുത്തേക്കും.

Tags:    
News Summary - Palode Ravi phone call controversy: Thiruvanchoor Radhakrishnan assigned to investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.