1. സി.വി. ബാലചന്ദ്രനും വി.ടി. ബൽറാമും സണ്ണി ജോസഫിനൊപ്പം 2. ഇരുവരും പാർട്ടി പരിപാടിയിൽ
തൃത്താല (പാലക്കാട്): തൃത്താലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോരിന് സമവായം. മുതിർന്ന നേതാവും മുന്‍ ഡി.സി.സി അധ്യക്ഷനുമായ സി.വി. ബാലചന്ദ്രനും മുന്‍ എം.എല്‍.എയും കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റുമായ വി.ടി. ബല്‍റാമും തമ്മിലുള്ള പരസ്യപോരിലാണ് അന്ത്യം കുറിച്ചത്.
പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നതോടെയാണ് വിഷയം മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഇരുവരെയും വിളിച്ച് രഹസ്യകേന്ദ്രത്തില്‍ വച്ച് ചര്‍ച്ച നടത്തി രമ്യതയിലെത്തിച്ചു.
തൃത്താല മണ്ഡലത്തിലെ പരിപാടികളില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമുണ്ടാവുന്ന വിധത്തിലാവും ഭാവിയിൽ മുന്നോട്ടുപോവുക. അതിന്റെ ഭാഗമായുള്ള തൃത്താലയിലെ ആദ്യ പരിപാടിയായിരുന്നു പൊതുമരാമത്ത് ഓഫിസ് മാര്‍ച്ച്.
വി.ടി. ബല്‍റാം ഉദ്ഘാടകനായും സി.വി. ബാലചന്ദ്രന് മുഖ്യാതിഥിയായും ഒരുമിച്ച് വേദിപങ്കിട്ടു. തുടര്‍ന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.
വി.ടി. ബൽറാമിനെതിരെ വിമർശനവുമായി സി.വി. ബാലചന്ദ്രനാണ് ആദ്യം രംഗത്ത് വന്നത്. കപ്പൂരിൽ നടന്ന കുടുംബസംഗമത്തിലാണ് സി.വി. ബാലചന്ദ്രൻ ബൽറാമിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. നൂലിൽ കെട്ടിയിറക്കിയ നേതാവാണ് ബൽറാമെന്നായിരുന്നു ബാലചന്ദ്രന്റെ വിമർശനം.
പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ബൽറാമിൽ നിന്നുണ്ടാകുന്നത്. തൃത്താലയിൽ ബൽറാം തോറ്റത് അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ്. കോൺഗ്രസ് നിലനിൽക്കണം, പാർട്ടിക്ക് മേലെ വളരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തിടണമെന്നും ബാലചന്ദ്രൻ പറഞ്ഞിരുന്നു.
വിമർശനത്തിന് പിന്നാലെ സിപ് ലൈനിൽ തൂങ്ങിപ്പോകുന്ന ഫോട്ടോ പങ്കുവെച്ചാണ് ബൽറാം ബാലചന്ദ്രന് മറുപടി നൽകിയത്. ‘സ്നേഹം’ എന്ന ക്യാപ്ഷനോടെയാണ് ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചത്.
ബാലചന്ദ്രന്റെ വിമർശനത്തിന് പിന്നാലെ സമൂഹിക മാധ്യമങ്ങളിൽ പല പ്രവർത്തകരും ബൽറാമിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബൽറാം തൃത്താലയിൽ യു.ഡി.എഫ് സ്ഥാനാർഥിയാവുമെന്ന സൂചന മുന്‍നിര്‍ത്തിയാണ് സി.വി. ബാലചന്ദ്രൻ പരസ്യ വിമർശനവുമായി രംഗത്തെത്തിയതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.