രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചതിനു ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വിവാദങ്ങൾക്കിടെ ആദ്യമായാണ് രാഹുൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുന്നത്.
''പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താൻ ശ്രമിച്ചു, സ്തുതിപാടിയവർ വിമർശകരായി,കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു... കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…രാഹുൽ ഗാന്ധി''-എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.
നിരവധി പേരാണ് ആളുകൾ പോസ്റ്റിന് പ്രതികരിച്ചത്. രാഹുലെ...പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നത് അന്തസ്സോടെ ആണ്. അല്ലാതെ നിന്നെ പോലെ പെണ്ണുങ്ങൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് ഒഴിവാക്കാൻ നടന്നിട്ടല്ല. അതുകൊണ്ട് അയാൾക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല.-എന്നാണ് ഒരാളുടെ കമന്റ്.
യുവതികളുടെ ആരോപണങ്ങളിൽ രാഹുൽ പാലക്കാട് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ രാജിവെക്കില്ലെന്ന സൂചനയുമായി ആരോപണങ്ങളെ പ്രതിരോധിക്കുന്ന രീതിയിലാണ് അൽപം മുമ്പ് രാഹുൽ അടൂരിലെ വീട്ടിൽ വെച്ച് മാധ്യമങ്ങളെ കണ്ടത്. രാജി പ്രഖ്യാപിക്കാനാണോ രാഹുൽ വാർത്താ സമ്മേളനം വിളിച്ചത് എന്ന ആകാംക്ഷയിലായിരുന്നു ആളുകൾ. താൻ കാരണം പാർട്ടിയും പാർട്ടി പ്രവർത്തകരും പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞത്. താൻ കാരണം ആരും തലകുനിക്കേണ്ടി വരരുത്. പാർട്ടിയും പ്രതിസന്ധിയിലാകരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതൽ വനിതാ നേതാക്കൾ രംഗത്ത് വന്നിരുന്നു. ഉമ തോമസ് എം.എൽ.എ, മുൻ എം.എൽ.എ ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവരാണ് രംഗത്തെത്തിയത്.
രാഹുൽ എം.എൽ.എ സ്ഥാനം രാജിവെച്ചേ പറ്റൂവെന്ന് ഉമ തോമസ് വ്യക്തമാക്കി. രാഹുൽ ഇങ്ങനെയാണെന്ന സൂചന പോലും കിട്ടിയില്ല. രാഹുൽ ഇങ്ങനെയെന്ന് അറിഞ്ഞപ്പോൾ ഷോക്കായി. തെറ്റുകാരനല്ലെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച ഉമ തോമസ്, കോൺഗ്രസ് സ്ത്രീകൾക്കൊപ്പമെന്നതിൽ സംശയമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.