രമേശ് ചെന്നിത്തല
ആലപ്പുഴ: കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയില്‍ നിന്ന് ജനതയെ രക്ഷിക്കാനും ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുമായി പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ആറാമത് 'വാക്ക് എഗന്‍സ്റ്റ് ഡ്രഗ്‌സ് ' (Walk against Drugs) ലഹരിക്കെതിരെ സമൂഹനടത്തം ഞായറാഴ്ച ആലപ്പുഴ ബീച്ചില്‍ നടക്കും. കെ.സി. വേണുഗോപാല്‍ എം.പി സമൂഹനടത്തം ഫ്‌ളാഗ് ഓഫ് ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ലഹരിവിരുദ്ധസന്ദേശം നല്‍കും.
രാവിലെ ആറു മണിക്ക് ആലപ്പുഴ കടല്‍ത്തീരത്ത് ഗവ. ആശുപത്രിക്കു സമീപം നിന്ന് ആരംഭിക്കുന്ന സമൂഹനടത്തം വിജയ് പാര്‍ക്കിലെത്തി ലഹരിവിരുദ്ധ പ്രതിജ്ഞയോടെ സമാപിക്കും. കോഴിക്കോട് തുടക്കമിട്ട്, തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇതിനകം വിജയകരമായി സംഘടിപ്പിച്ച പരിപാടിയുടെ തുടര്‍ച്ചയാണ് ആലപ്പുഴയിലും നടക്കുന്നത്.
ലഹരിമരുന്നിന്റെ വ്യാപനത്തെ തടയുന്നതിനും അതിന്റെ വേരുകള്‍ അറുത്തു മാറ്റുന്നതിനും ജനങ്ങളുടെ പ്രതിരോധം അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് 'പ്രൗഡ് കേരള' കേരളജനതയുടെ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. സംഘടിപ്പിച്ച എല്ലാ ജില്ലകളിലും അതിശക്തമായ ജനപിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്.
ഞായറാഴ്ച നടക്കുന്ന പരിപാടിയിയില്‍ മതമേലധ്യക്ഷന്‍മാര്‍, ജനനേതാക്കളായ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, മുന്‍ എം.പിമാരായ ടി.ജെ. ആഞ്ചലോസ്, ഡോ. കെ.എസ്. മനോജ്, മുന്‍ എം.എല്‍.എമാരായ എ.എ ഷുക്കൂര്‍, ഡി. സുഗതന്‍, ഷാനിമോള്‍ ഉസ്മാന്‍, എ.വി. താമരാക്ഷന്‍, അഡ്വ. ബി. ബാബുപ്രസാദ് തുടങ്ങി ജനപ്രതിനിധികളും, സിനിമാ രംഗത്തെയും മറ്റ് കലാരംഗങ്ങളിലെയും കായികരംഗത്തേയും പ്രതിഭകള്‍, യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങി വിവിധ ബഹുജന സംഘടനകളുടെ പ്രാതിനിധ്യം സമൂഹനടത്തത്തിനുണ്ടാകുമെന്ന് 'പ്രൗഡ് കേരള' ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാലും ആലപ്പുഴ ജില്ലാ ചാപ്റ്റര്‍ കണ്‍വീനര്‍ അഡ്വ. ശ്രീജിത് പത്തിയൂരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.