കാമറ ടീമിന് ടെൻഡർ വിളിക്കാതെ 3.50 ലക്ഷം, ചെലവ് വൗച്ചറുകളില്ല; ഭാരത് ഭവനിലെ ക്രമക്കേടിനെ കുറിച്ച് മെമ്പർ സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടണമെന്ന് റിപ്പോർട്ട്

തൃശൂർ: ഭാരത് ഭവനിലെ ക്രമരഹിത നടപടിയിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടണമെന്ന് ധനകാര്യ റിപ്പോർട്ട്. ഭാരത് ഭവൻ നടപ്പാക്കുന്ന എല്ലാ കലാ അവതരണങ്ങളും തമിഴ്നാട്ടിലെ തഞ്ചാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് സോൺ കൾച്ചറൽ സൊസൈറ്റി സഹായത്തോടെയായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ എത്തുന്ന കലാകാരന്മാർക്കുള്ള പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും സൗത്ത് സോൺ കൾച്ചറൽ സെന്ററാണ് വഹിക്കുന്നത്. ഇതര സംസ്ഥാന കലാകാരന്മാർക്കുള്ള താമസവും ഭക്ഷണവും മാത്രമാണ് ഭാരത് ഭവൻ വഹിക്കുന്നത്.

ഈ സാഹചര്യത്തിൽ ഭാരത് ഭവൻ വഹിക്കേണ്ടി വരുന്ന ചിലവിൽ ഗണ്യമായ കുറവ് വരേണ്ടതാണ്. ഇത് ഫയലുകളിൽ പരാമർശിക്കുകയോ ചെലവിൽ കുറവു വരുത്തുകയോ ചെയ്തതായി പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഒന്നര മണിക്കൂർ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് കേരളത്തിൽ നിന്നുള്ള കലാകാരന്മാരുടെയും സംഘങ്ങളുടെയും ഷെഡ്യൂളുകളും ബില്ലുകളും വൗച്ചറുകളും മാത്രമാണ് ഫയലിൽ ഉള്ളത്. എന്നാൽ, സൗത്ത് സോൺ കൾച്ചറൽ സെന്ററിലെ കലാകാരന്മാരുടെ പരിപാടികൾ ഏതുസമയം ഉൾപ്പെടുത്തിയെന്നോ അത് സംബന്ധിച്ച മറ്റു വിവരങ്ങളോ ഫയലിൽ ഇല്ല.

മാവേലി മലയാളം പരിപാടിയുമായി ബന്ധപ്പെട്ട കാമറ ടീമിനെ നിയോഗിക്കാനായി ടെൻഡർ ക്ഷണിച്ചിട്ടില്ല. പകരം ലെൻസ് വ്യൂ മീഡിയ എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. 3.50 ലക്ഷം രൂപ ഈ സ്ഥാപനത്തിന് നൽകി. ഈ പരിപാടിയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചപ്പോൾ ചെലവുകളുമായി ബന്ധപ്പെട്ട വൗച്ചറുകൾ ഒന്നും കണ്ടെത്താനായില്ല. കാമറ ടീമിനെ തെരഞ്ഞെടുത്തു സംബന്ധിച്ചും കരാറിൽ ഏർപ്പെടാത്തത് സംബന്ധിച്ചും പരിശോധന വിഭാഗം മെമ്പർ സെക്രട്ടറിയിൽ നിന്നും വിശദീകരണം ആരാഞ്ഞു.

മാവേലി മലയാളം പരിപാടി ചിത്രീകരിക്കാനായി പ്രത്യേക ക്വട്ടേഷൻ ക്ഷണിച്ചിരുന്നില്ലെന്നാണ് മെമ്പർ സെക്രട്ടറിയുടെ മറുപടി. ഒരു വർഷത്തേക്കാണ് ക്വട്ടേഷൻ നൽകിയത്. ഇത് അംഗീകരിക്കാനാവില്ല. ഒരു ലക്ഷത്തിനുമുകളിൽ ചെലവ് വരുന്ന പരിപാടികൾക്ക് ടെൻഡർ നടപടികൾ സ്വീകരിക്കാതെ ക്വട്ടേഷൻ ക്ഷണിച്ചത് ചട്ടലംഘനമാണ്. ഇനിമുതൽ ഇത്തരം ജോലികൾക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുമ്പോൾ സ്റ്റോർസ് പർച്ചേസ് മാന്വൽ പ്രകാരമുള്ള ടെൻഡർ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന കർശന നിർദേശം നൽകണം.

ജയിൽ തെറാപ്പി, തീയേറ്റർ തെറാപ്പി എന്ന പരിപാടിയിലും ഇതുപോലെതന്നെ സംഭവിച്ചു. കലാ-കാർഷിക സംസ്കൃതിയുടെ ഭാഗം എന്ന നിലയിൽ മൂന്നാംഘട്ടമായി 2021 ഫെബ്രുവരി 11 മുതൽ 17 വരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വിത ഒരുക്കലും ജയിൽ അന്തേവാസികൾ കഥാപാത്രങ്ങളാകുന്ന നാടകവും ഉൾപ്പെടുന്ന പരിപാടിയായിരുന്നു ജയിൽ തെറാപ്പി. ഇതിൽ 2,30,500 രൂപ കാമറക്കായി വിനിയോഗിച്ചു.

ഭാരത് ഭവൻ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ടീം ലീഡറുടെ അക്കൗണ്ടിൽ മാത്രമാണ് പ്രതിഫലം നൽകുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ശരിയായ കീഴ്വഴക്കമല്ല. പ്രതിഫലം പരിപാടികളിൽ അവരവരുടെ സ്വന്തം അക്കൗണ്ടുകളിലേക്ക് തന്നെ നൽകുന്നതിനും നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പരിപാടികളിൽ പങ്കെടുക്കാൻ വ്യക്തികളെയും ടീമുകളെയും തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഭാരത് ഭവന്റെയും സാംസ്കാരിക വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിൽ നൽകണമെന്നും ശിപാർശ ചെയ്തു. മുഖ്യമന്ത്രിയുടെ സി.എം.ഒ പോർട്ടലിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിക്കെതിരെ ലഭിച്ച പരാതിയിന്മേലാണ് പരാശോധന നടത്തിയത്.

Tags:    
News Summary - Report seeks explanation from Member Secretary about irregularities in Bharat Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.