ജെഫേഴ്സൺ ജസ്റ്റിൻ
ദുബൈ: ഷാർജയിൽ താമസക്കാരായ മലയാളി ദമ്പതികളുടെ മകൻ യു.കെയിൽ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ജെഫേഴ്സൺ ജസ്റ്റിൻ (27) ആണ് മരിച്ചത്.
യു.കെയിലെ ലീഡ്സിൽ എ647 കനാൽ സ്ട്രീറ്റിലെ റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം. റോഡിന്‍റെ വളവിൽ ബൈക്ക് സ്കിഡ് ചെയ്തതിനെ തുടർന്ന് മതിലിൽ ഇടിക്കുകയായിരുന്നു.
പഠന ശേഷം ലീഡ്സിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. ജെഫേഴ്സന്റെ ലൈസൻസിൽ നിന്നും ലഭിച്ച വിലാസം അനുസരിച്ച് യു.കെ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് അപകട വിവരം യു.കെ മലയാളികളും യു.എ.ഇയിലുള്ള മാതാപിതാക്കളും അറിയുന്നത്.
രണ്ട് സഹോദരങ്ങൾ ഉണ്ട്. ഇതിൽ ഒരാൾ ബംഗളൂരുവിൽ വിദ്യാർഥിയാണ്. ലീഡ്സിലെ എൻ.എച്ച്.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ഷാർജയിൽ എത്തിച്ച് സംസ്കരിക്കാനാണ് ബന്ധുക്കളുടെ ആഗ്രഹം. ഷാർജ എമിറേറ്റ് നാഷനൽ സ്കൂളിലായിരുന്നു ജെഫേഴ്സൺ ജസ്റ്റിൻ പഠിച്ചിരുന്നത്. കേരളത്തിൽ നിന്ന് ബിരുദ പഠന ശേഷമാണ് ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി യു.കെയിലേക്ക് പോയത്. ജസ്റ്റിൻ പെരേരയും കുടുംബവും 35 വർഷമായി യു.എ.ഇയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.