ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ

ഗസ്സയിൽ ആകാശമാർഗം സഹായമെത്തിക്കാൻ യു.എ.ഇ

ദുബൈ: ഗസ്സയിൽ പട്ടിണിയും ദുരിതവും ഗുരുതരമായ ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ആകാശമാർഗം സഹായമെത്തിക്കാൻ യു.എ.ഇ. ഫലസ്തീനികൾക്ക്​ സഹായമെത്തിക്കാൻ എയർഡ്രോപ്പ് അടിയന്തിരമായി പുനരാരംഭിക്കുമെന്ന്​ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ വ്യക്​തമാക്കി.

ഗസ്സയിലെ ജനതക്ക്​ ജീവൻരക്ഷാ സഹായമെത്തിക്കുന്നതിൽ യു.എ.ഇ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്​തമാക്കി. കര, കടൽ, ആകാശ മാർഗങ്ങളിലൂടെ സഹായമെത്തിക്കുന്നത്​ തുടരും. ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനും അവരെ പിന്തുണക്കുന്നതിനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധത അചഞ്ചലമാണ്​ -അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷവും ഗസ്സയിൽ ആകാശ മാർഗം എയർഡ്രോപ്പിലൂടെ സഹായമെത്തിക്കാൻ യു.എ.ഇ മുന്നിട്ടിറങ്ങിയിരുന്നു. ‘നന്മയുടെ പറവകൾ’ എന്നുപേരിട്ട ഓപറേഷൻ തന്നെ ഇതിനായി രാജ്യം നടപ്പിലാക്കി. യുദ്ധത്തിന്‍റെ ആരംഭം മുതൽ വിവിധ പദ്ധതികളിലൂടെ ഗസ്സയിൽ യു.എ.ഇ സഹായമെത്തിക്കുന്നുണ്ട്​. കഴിഞ്ഞ തിങ്കളാഴ്ച ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക്​ 7,166 ടൺ സഹായ വസ്തുക്കളുമായി യു.എ.ഇയിൽ നിന്നുള്ള ഏറ്റവും വലിയ കപ്പൽ ‘ഖലീഫ’ ഗസ്സയിലേക്ക്​ പുറപ്പെട്ടിട്ടുണ്ട്​.

അബൂദബി ഖലീഫ തുറമുഖത്തുനിന്നാണ്​ കപ്പൽ പുറപ്പെട്ടത്​. 4,372 ടൺ ഭക്ഷ്യവസ്തുക്കൾ, 1,433 ടെൻറുകൾ അടക്കമുള്ള താമസസൗകര്യങ്ങൾ, 860ടൺ മെഡിക്കൽ വസ്​തുക്കൾ, വസ്ത്രങ്ങൾ, കിടക്കകൾ, ഹൈജീൻ കിറ്റുകൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവയാണ്​ കപ്പലിൽ കൊണ്ടുപോകുന്നത്​. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലക്ക്​ വലിയ സഹായമാകുന്ന ഫീൽഡ്​ ആശുപ​ത്രിയും എത്തിക്കുന്നുണ്ട്​. ആശുപത്രിയിൽ 400രോഗികൾക്ക്​ ചികിൽസ നൽകാനുള്ള സൗകര്യമുണ്ട്​. അതോടൊപ്പം 16ആംബുലൻസുകളും ഇതിലുൾപ്പെടും. ഗസ്സയിലെ ജനങ്ങൾക്ക്​ ശുദ്ധജലം എത്തിക്കുന്നതിന്​ 20 ടാങ്കുകളും എത്തിക്കുന്നുണ്ട്​.

യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലെസ്​ നൈറ്റ്​ 3 പദ്ധതിയുടെ ഭാഗമായാണ്​ സഹായം എത്തിക്കുന്നത്​. കപ്പൽ ഈജിപ്തിലെ അൽ ആരിഷ്​ തുറമുഖത്ത്​ എത്തിച്ച ശേഷം ട്രക്കുകളിലായാണ്​ സഹായ വസ്തുക്കൾ ഗസ്സയിലേക്ക്​ കൊണ്ടുപോകാൻ ലക്ഷ്യമിടുന്നത്​. ഈജിപ്ത് തുറമുഖത്തെത്താൻ 14ദിവസമാണ്​ പ്രതീക്ഷിക്കുന്നത്​. 2023മുതൽ ഗസ്സയിലേക്ക്​ യു.എ.ഇ തുടർച്ചയായി സഹായം എത്തിക്കുന്നുണ്ട്​. കഴിഞ്ഞ ആഴ്ചയും യു.എ.ഇ സഹായട്രക്കുകൾ ഗസ്സയിൽ സഹായം വിതരണം ചെയ്തിരുന്നു. ഗസ്സയിൽ പരിക്കേറ്റ നിരവധിപേരെ അബൂദബിയിൽ എത്തിച്ച്​ ചികിൽസ നൽകുന്ന പദ്ധതിയും നടപ്പിലാക്കിവരുന്നുണ്ട്​.

Tags:    
News Summary - UAE to deliver aid by air to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-27 07:07 GMT