ദുബൈ: എമിറേറ്റിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ദുബൈ മെട്രോ, ട്രാം, ബസ്, മറൈൻ ട്രാൻസ്പോർട്ട്, ഷെയേർഡ് ടാക്സി, ബസ് ഓൺ ഡിമാന്‍റ്, വാടക കാറുകൾ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചത് 39.5 കോടി യാത്രക്കാരാണ്.
അതായത് പ്രതിദിനം 21.8 ലക്ഷത്തിലേറെ പേരാണ് പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണം 36.12 കോടിയായിരുന്നു. ഒമ്പത് ശതമാനം വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 19.8 ലക്ഷം ആയിരുന്നു.
പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം 2006ൽ ആറു ശതമാനമായിരുന്നു. 2024 ലെത്തുമ്പോൾ ഇത് 21.6 ശതമാനമായി വർധിച്ചിരിക്കുകയാണ്. ദുബൈ മെട്രോ ബ്ലൂലൈനിന്‍റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. 30 കിലോമീറ്റർ നീളത്തിലാണ് പുതിയ ലൈനിന്‍റെ നിർമാണം. എമിറേറ്റിലെ വിവിധ ജില്ലകളെ ബന്ധിപ്പിക്കുന്ന 14 മെട്രോ സ്റ്റേഷനുകൾ ബ്ലൂനൈലിൽ ഉണ്ടാകും. ഏതാണ്ട് 10 ലക്ഷം പേർക്ക് ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ. കാർബൺ ബഹിർഗമനം കുറഞ്ഞ യൂറോ 6 നിലവാരത്തിലുള്ള 637 ബസുകൾ വാങ്ങുന്നതിനായി ആർ.ടി.എ നേരത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിൽ 40 എണ്ണം ഇലക്ട്രിക് ബസുകളാണ്. ഈ വർഷവും അടുത്ത വർഷവുമായി ബസുകൾ നിരത്തിലെത്തും. കൂടാതെ ഈ മാസം 16 ബസ് സ്റ്റേഷനുകളുടെയും ആറ് ഡിപോകളുടെയും നിർമാണം പൂർത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ആദ്യ പകുതിയിൽ ടാക്സി ഉപയോഗിച്ചവരുടെ എണ്ണത്തിൽ 36 ശതമാനവും മെട്രോ യാത്രക്കാരാണ്. 26 ശതമാനം പേരാണ് ടാക്സി ഉപയോഗിച്ചത്. മൊത്തം യാത്രക്കാരിൽ 24 ശതമാനം യാത്രക്കാരാണ് ബസ് ഉപയോഗിച്ചത്. മെട്രോ റെഡ് ലൈനിൽ ആറു മാസത്തനിടെ യാത്ര ചെയ്തവരുടെ എണ്ണം 14.39 കോടിയാണ്. ബുർജുമാൻ, അൽ റിഗ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോയത്.
പൊതു ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയിലും ഗുണിനിലവാരത്തിലും യാത്രക്കാർക്കുള്ള ആത്മവിശ്വാസമാണ് ഓരോ വർഷവും ഉയരുന്ന കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവർക്കും സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യം നൽകുന്നത് തുടരും. ദുബൈയിലെ പൊതുഗതാഗത ശൃംഖലകൾ സുപ്രധാനമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നൂതനമായ അടിസ്ഥാന സൗകര്യങ്ങളും വിത്യസ്ത തലത്തിലുള്ള ഗതാഗത ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരം യാത്രക്കാർക്ക് ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.