ഗസ്സയിൽ ആകാശമാർഗം സഹായമെത്തിക്കാൻ യു.എ.ഇ
text_fieldsശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ
ദുബൈ: ഗസ്സയിൽ പട്ടിണിയും ദുരിതവും ഗുരുതരമായ ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ആകാശമാർഗം സഹായമെത്തിക്കാൻ യു.എ.ഇ. ഫലസ്തീനികൾക്ക് സഹായമെത്തിക്കാൻ എയർഡ്രോപ്പ് അടിയന്തിരമായി പുനരാരംഭിക്കുമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കി.
ഗസ്സയിലെ ജനതക്ക് ജീവൻരക്ഷാ സഹായമെത്തിക്കുന്നതിൽ യു.എ.ഇ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കര, കടൽ, ആകാശ മാർഗങ്ങളിലൂടെ സഹായമെത്തിക്കുന്നത് തുടരും. ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനും അവരെ പിന്തുണക്കുന്നതിനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധത അചഞ്ചലമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷവും ഗസ്സയിൽ ആകാശ മാർഗം എയർഡ്രോപ്പിലൂടെ സഹായമെത്തിക്കാൻ യു.എ.ഇ മുന്നിട്ടിറങ്ങിയിരുന്നു. ‘നന്മയുടെ പറവകൾ’ എന്നുപേരിട്ട ഓപറേഷൻ തന്നെ ഇതിനായി രാജ്യം നടപ്പിലാക്കി. യുദ്ധത്തിന്‍റെ ആരംഭം മുതൽ വിവിധ പദ്ധതികളിലൂടെ ഗസ്സയിൽ യു.എ.ഇ സഹായമെത്തിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് 7,166 ടൺ സഹായ വസ്തുക്കളുമായി യു.എ.ഇയിൽ നിന്നുള്ള ഏറ്റവും വലിയ കപ്പൽ ‘ഖലീഫ’ ഗസ്സയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അബൂദബി ഖലീഫ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടത്. 4,372 ടൺ ഭക്ഷ്യവസ്തുക്കൾ, 1,433 ടെൻറുകൾ അടക്കമുള്ള താമസസൗകര്യങ്ങൾ, 860ടൺ മെഡിക്കൽ വസ്തുക്കൾ, വസ്ത്രങ്ങൾ, കിടക്കകൾ, ഹൈജീൻ കിറ്റുകൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവയാണ് കപ്പലിൽ കൊണ്ടുപോകുന്നത്. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലക്ക് വലിയ സഹായമാകുന്ന ഫീൽഡ് ആശുപത്രിയും എത്തിക്കുന്നുണ്ട്. ആശുപത്രിയിൽ 400രോഗികൾക്ക് ചികിൽസ നൽകാനുള്ള സൗകര്യമുണ്ട്. അതോടൊപ്പം 16ആംബുലൻസുകളും ഇതിലുൾപ്പെടും. ഗസ്സയിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിന് 20 ടാങ്കുകളും എത്തിക്കുന്നുണ്ട്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് സഹായം എത്തിക്കുന്നത്. കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് എത്തിച്ച ശേഷം ട്രക്കുകളിലായാണ് സഹായ വസ്തുക്കൾ ഗസ്സയിലേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിടുന്നത്. ഈജിപ്ത് തുറമുഖത്തെത്താൻ 14ദിവസമാണ് പ്രതീക്ഷിക്കുന്നത്. 2023മുതൽ ഗസ്സയിലേക്ക് യു.എ.ഇ തുടർച്ചയായി സഹായം എത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും യു.എ.ഇ സഹായട്രക്കുകൾ ഗസ്സയിൽ സഹായം വിതരണം ചെയ്തിരുന്നു. ഗസ്സയിൽ പരിക്കേറ്റ നിരവധിപേരെ അബൂദബിയിൽ എത്തിച്ച് ചികിൽസ നൽകുന്ന പദ്ധതിയും നടപ്പിലാക്കിവരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.