കുറ്റിക്കോൽ (കാസർകോട്): ബന്തടുക്കയിലെ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു. ഭാരതീയ വിദ്യാനികേതൻ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂർണിമയുടെ ഭാഗമായി ‘ആചാരം’ നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വ്യാസജയന്തി ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിന്റെ സമീപ പ്രദേശങ്ങളിലെ, സർവിസിൽനിന്ന് വിരമിച്ച 30 അധ്യാപകർക്കാണ് കുട്ടികളെക്കൊണ്ട് ‘പാദസേവ’ ചെയ്യിച്ചത്. വിദ്യാലയ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കുറ്റിക്കോൽ പഞ്ചായത്ത് മുൻ അംഗമായ ബി.ജെ.പി നേതാവായിരുന്നു അധ്യക്ഷൻ.
അധ്യാപകരെ നിരയായി കസേരയിലിരുത്തി അവരുടെ കാലിന് അഭിമുഖമായി വിദ്യാർഥികളെ നിലത്ത് മുട്ടുകുത്തിയിരുത്തി കാൽതൊട്ട് വന്ദിക്കുകയും പൂക്കളർപ്പിക്കുകയും വെള്ളം തളിച്ച് പാദസ്നാനം ചെയ്യിക്കുകയുമായിരുന്നു. സംഘാടകരാണ് ഈ ആചാരം നടത്തിയത്.
തുടർവർഷങ്ങളിലും ആചാരം തുടരാനാണ് പരിപാടിയെന്ന് സ്കൂൾ അധികൃതർ പറയുന്നു. കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ വിദ്യാർഥിയുടെ കാൽ പിടിപ്പിച്ചുവെന്ന ആക്ഷേപവും ബന്തടുക്ക കുണ്ടംകുഴി ഹരിശ്രീ വിദ്യാലയത്തിൽ വിദ്യാർഥികളെക്കൊണ്ട് പാദസേവ ചെയ്യിച്ചതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.