തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
പൂരം അലങ്കോലപ്പെട്ടിട്ടും എം.ആർ അജിത് കുമാർ ഇടപെടാത്തത് കർത്തവ്യലംഘനമാണെന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി തൃശൂരിലെത്തിയ എ.ഡി.ജി.പി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ല. പ്രശ്നങ്ങളുണ്ടായപ്പോള്‍ റവന്യൂമന്ത്രി കെ. രാജൻ വിളിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എ.ഡി.ജി.പിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച സംഭവച്ചുവെന്നാണ് ഡി.ജി.പിയായിരുന്ന ഷെയ്ക്ക് ദർവേസ് സാഹിബിന്‍റെ റിപ്പോർട്ട്. പൂരം കലങ്ങിയതില്‍ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു എ.ഡി.ജി.പിയുടെ ഔദ്യോഗിക വീഴ്ചയിൽ ഡി.ജി.പി അന്വേഷണം നടത്തിയത്.
ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് പൂരം നടക്കുമ്പോള്‍ അജിത് കുമാർ തൃശൂരിലെത്തിയത്. തൃശൂരിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിരുന്നു. തൃശൂർ കമീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്ക് തർക്കമുണ്ടായത് മന്ത്രി കെ. രാജൻ എ.ഡി.ജി.പിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എ.ഡി.ജി.പിയാണ്. തൃശൂരിലുണ്ടായ എ.ഡി.ജി.പി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.
ആർ.എസ്.എസ് നേതാക്കളുമായുള്ള എം.ആർ. അജിത്കുമാറിന്‍റെ കൂടിക്കാഴ്ചയിൽ ഡി.ജി.പി നൽകിയ റിപ്പോർട്ടും ആഭ്യന്തരവകുപ്പിന്‍റെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.