താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം നീക്കി, വലിയ വാഹനങ്ങൾ കടത്തിവിടും; മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം തുടരും

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാകും കടത്തിവിടുക.

ഈ പാത വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരും. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നില്ല. എന്നാല്‍, മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. റോഡിനു മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജി.പി.ആര്‍ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇവിടെ വാഹനം നിര്‍ത്തി സമയം ചിലവിടുന്നത് നിരോധിക്കും. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാകുന്നതുവരെ അഗ്നിരക്ഷാസേനയുടെ ഒരു യൂനിറ്റ് ചുരത്തില്‍ വിന്യസിക്കും. സ്ഥലത്ത് ആവശ്യമായ വെളിച്ചം ലഭ്യമാകുന്നതിന് ക്രമീകരണങ്ങള്‍ തുടരാനും യോഗം തീരുമാനിച്ചു.

ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിൽ പാറയിലുണ്ടായ വിള്ളലുകളാണ് മണ്ണിടിച്ചിലിന് കാരണമായത്. ബ്ലോക്കുകളായാണ് പാറകൾ വീണത്. ഇതോടെയാണ് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചത്. മണ്ണ് നീക്കം ചെയ്തെങ്കിലും മഴയിൽ ചെറിയ തോതിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെയാണ് ഗതാഗതം പൂർണമായി നിരോധിച്ചത്. മഴ കുറഞ്ഞതും ആശ്വാസമായി.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഒമ്പതാംവളവിലെ വ്യൂ പോയന്റിന് സമീപം വലിയ തോതിൽ കല്ലും പാറയും മണ്ണും റോഡിലേക്ക് വീണത്. ഇവ നീക്കം ചെയ്ത് പിന്നീട്, ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. ബുധനാഴ്ച ഉച്ചയോടെ, ഗതാഗതം പൂർവസ്ഥിതിയിലായതോടെ വാഹനങ്ങൾ കടന്നുപോയി. എന്നാൽ, വ്യാഴാഴ്ച രാവിലെ കല്ലും മണ്ണും വീണ്ടും റോഡിലേക്ക് വീണതോടെയാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ച് വയനാട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടത്.

ചുരംമേഖലയിൽ വ്യാഴാഴ്ച തുടർച്ചയായി കനത്ത മഴ പെയ്തത് തിരിച്ചടിയായി. റോഡിലൂടെയും മണ്ണും കല്ലും വീണ ചാലിലൂടെയും വെള്ളം കുത്തിയൊലിച്ചത് ഭീതിയുണർത്തി. മലവെള്ളപ്പാച്ചിലിനൊപ്പം കല്ലുകളും വീഴാൻ തുടങ്ങിയതോടെ, അഗ്നിരക്ഷാസേനയടക്കമുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തുനിന്ന് മാറുകയായിരുന്നു. ഈ സമയം എ.ഡി.എം അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥർ ചുരത്തിലുണ്ടായിരുന്നു.

Tags:    
News Summary - Traffic restrictions at Thamarassery Churam lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.