തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങളെ തള്ളിപ്പറഞ്ഞും ഗുരുദേവന്‍ അരുതെന്ന് പറഞ്ഞ കാര്യങ്ങൾ മാത്രം ചെയ്തും വര്‍ഗീയ വിഷം വമിപ്പിച്ചുകൊണ്ട് കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വെള്ളാപ്പള്ളിയെന്ന് സുധീരൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കേരളത്തെ വീണ്ടും വര്‍ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം. ഇതുവഴി സമൂഹത്തെ വർഗീയാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് മോദി-പിണറായി ദ്വയങ്ങളുടെ ദുര്‍ഭരണത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നത്. അതോടൊപ്പം തന്റെ തെറ്റായ ചെയ്തികൾക്കെതിരെ ഉണ്ടാകാവുന്ന നിയമപരമായ നടപടികളില്‍നിന്ന് ഒഴിവാകുകയെന്ന ഗൂഢലക്ഷ്യവും വെച്ചുപുലര്‍ത്തുന്നു. വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരിക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും സുധീരൻ പറഞ്ഞു.
യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം ധീരവും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും അന്തസ്സ് ഉയര്‍ത്തുന്നതുമാണ്. തന്റെ സ്വാർഥ താല്‍പര്യങ്ങള്‍ക്കായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പദം ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്കുള്ള സതീശന്റെ ഈ മറുപടി തികച്ചും പ്രസക്തവും അഭിനന്ദനാര്‍ഹവുമാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.