വേലിക്കകത്ത് വീട്ടിൽ നിന്നും വി.എസിന്‍റെ വസുമതി ഇറങ്ങി, കൂട്ടിന് സഖാവിന്‍റെ ഓർമകൾ മാത്രം

അമ്പലപ്പുഴ: വേലിക്കകത്ത് വീട്ടിൽ നിന്നും വി.എസിന്‍റെ ഭാര്യ വസുമതി ഇറങ്ങി. 58 വർഷമായി താൻ നിഴലുപോലെ നടന്ന പ്രിയസഖാവ് ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെയാണ് വസുമതി വേലിക്കകത്ത് വീടിന്‍റെ പടികളിറങ്ങിയത്. മകൻ അരുൺകുമാറിന്റെയും മരുമകൾ ഡോ. രജനിയുടെയും കൈപിടിച്ച് തിരുവനന്തപുരത്തേക്ക് തിരിക്കുമ്പോൾ നിരവധി ഓർമകളാൽ നീറുകയായിരുന്നു മനസ്.

യാത്രയാക്കാൻ വന്നവരോടു യാത്ര പറഞ്ഞ് തിരുവനന്തപുരത്തേക്കു പോകാനായി അവർ കാറിൽക്കയറി. വി.എസ് കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്തരിച്ചത്. വി.എസിന്‍റെ വിലാപയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോഴാണ് വസുമതിയും മകൾ ആശയും മരുമകൾ രജനിയും കൊച്ചുമക്കളും വേലിക്കകത്ത് വീട്ടിലേക്ക് തിരിച്ചത്. ഞായറാഴ്ച വസുമതിയും മരുമകൾ രജനിയും ഉച്ചക്ക് ഒരുമണിയോടെയും അരുൺകുമാർ വൈകുന്നേരത്തോടെയും മടങ്ങി.

വി.എസിന്‍റെ പത്നി തിരുവന്തപുരത്തേക്കു മടങ്ങുമെന്നറിഞ്ഞ് ഞായറാഴ്ച രാവിലെമുതൽ വീട്ടിലേക്ക് സന്ദർശകപ്രവാഹമായിരുന്നു. സി.പി.എം നേതാവ് ജി. സുധാകരനും എച്ച്. സലാം എം.എൽ.എ അടക്കമുള്ളവർ രാവിലെ മുതൽ വീട്ടിലുണ്ടായിരുന്നു. തോമസ് ഐസക്, മക്കൾക്കും മരുമക്കൾക്കുമൊപ്പമാണ് വന്നത്. വി.സി. കബീറും എത്തിയിരുന്നു. വി.എസിന്റെ അടുപ്പക്കാരായ കെ.പി. സത്യകീർത്തി, എസ്. മനോഹരൻ, ദീർഘകാലം പേഴ്‌സണൽ സ്റ്റാഫായിരുന്ന ഉദയകുമാർ, തമ്പി മേട്ടുതറ, ഗൺമാനായിരുന്ന ഷിജു, വി.എസ്. നാട്ടിലെത്തുമ്പോൾ ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്ന ഡോ. രജിത്ത് തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

ആറ്‌ പതിറ്റാണ്ട്‌ മുമ്പാണ്‌ വി.എസിന്റെ ജ്യേഷ്‌ഠൻ വി.എസ്‌ ഗംഗാധരൻ മകൻ രാജേന്ദ്രന്‍റെ പേരിൽ വേലിക്കകത്ത്‌ വീടും സ്ഥലവും വാങ്ങുന്നത്‌. ചെറുപ്പത്തിൽ രാജേന്ദ്രൻ മരിച്ചതോടെ ജ്യേഷ്ഠൻ അനുജൻ വി.എസിന്‌ സ്ഥലവും വീടും കൈമാറി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ വസുമതിയുടെ സൗകര്യാർഥം ചന്ദനക്കാവിന്‌ സമീപം വാടകവീട്ടിലായിരുന്നു അതുവരെ വി.എസ്‌ താമസിച്ചിരുന്നത്‌. പിന്നീട് വേലിക്കകത്ത് വീട്ടിലേക്ക് താമസം മാറ്റി. 2006ൽ മുഖ്യമന്ത്രിയായശേഷമാണ്‌ കുടുംബം തിരുവനന്തപുരത്തേക്ക്‌ താമസം മാറ്റുന്നത്‌. ഇപ്പോൾ വസുമതിയുടെ സഹോദരിയുടെ മകൻ റെജിയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.