കോട്ടയം: സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സെബാസ്റ്റ്യന്റെ (65) കാറിൽനിന്ന് കത്തി, ചുറ്റിക, ഡീസൽ മണമുള്ള കന്നാസ്, പേഴ്സ് തുടങ്ങിയവ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി വെട്ടിമുകളിലുള്ള സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ജൈനമ്മ തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇവ കിട്ടിയത്. ഇത് കേസിന്റെ തെളിവുകൾ എന്ന നിലക്ക് കണ്ടുകെട്ടി.
കാറിൽ നിന്നും കണ്ടെത്തിയ 20 ലിറ്ററിന്റെ കന്നാസിൽ ഡീസൽ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇയാൾ ഉപയോഗിചചതായി സംശയിക്കുന്ന ജൈനമ്മയുടെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ മൊബൈൽഫോൺ കാഞ്ഞിരപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനായി സെബാസ്റ്റ്യനെ കാഞ്ഞിരപ്പള്ളിയില്‍ കൊണ്ടുപോയി തെളിവെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എ.നിസാം മുമ്പാകെ ഹാജരാക്കിയ പ്രതിയെ വീണ്ടും 13 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഭാര്യ വീട്ടിൽ വന്നിരുന്ന സെബാസ്റ്റ്യൻ ഇവിടെവെച്ചാണ് ജൈനമ്മയെ കണ്ടതും പരിചയമായതെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. കാറിൽ കത്തിയും ചുറ്റികയും സൂക്ഷിച്ചിരുന്നത് എന്തിനാണെന്ന് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
ജൈനമ്മ തിരോധാനക്കേസിന് പിന്നിൽ സെബാസ്റ്റ്യൻ തന്നെയാണെന്നാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം വന്നാൽ മാത്രമേ ആരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാനാകൂ.
സെബാസ്റ്റ്യന്റെ ഭാര്യ സുബി, സുഹൃത്ത് റോസമ്മ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനും ഇയാളെ ചേർത്തലയിലെ വീട്ടിലുൾപ്പെടെ കൊണ്ടുപോകാനും അന്വേഷണസംഘം ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.