വിജയൻ കാളവണ്ടി നിർമാണത്തിൽ, ഫോട്ടോ: ദിലീപ് ചിറ്റൂർ
പെട്രോളിലും ഡീസലിലും വൈദ്യുതിയിലുമെല്ലാം വാഹനങ്ങൾ വന്നതോടെ മലയാളികൾ മറന്നുപോയ സഞ്ചാരമാർഗമാണ് കാളവണ്ടി. പണ്ട് സാധനങ്ങൾ കയറ്റാനും യാത്ര ചെയ്യാനുമെല്ലാം ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിച്ചിരുന്ന കുതിരവണ്ടിയും കാളവണ്ടിയുമെല്ലാം ഇന്ന് ഗതകാല സ്മരണയുണർത്തുന്ന ഓർമകൾ മാത്രമാണ്. കാളവണ്ടി മത്സരങ്ങളിൽ മാത്രമാണ് കേരളത്തിൽ ഇപ്പോൾ ഇവ കാണുന്നത്. എന്നാൽ, കാളവണ്ടി നിർമാണം തൊഴിലായി സ്വീകരിച്ച ഒരു കുടുംബമുണ്ട് ഇപ്പോഴും പാലക്കാട് ജില്ലയിൽ. പാലക്കാട് നഗരത്തിൽനിന്നും 32 കിലോ മീറ്റർ ദൂരത്തുള്ള വണ്ണാമടയിലെ മൂങ്കിൽമട സ്വദേശി വി. വിജയൻ എന്ന 48കാരൻ. തമിഴ്നാട് അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ ലക്ഷണമൊത്ത കാളവണ്ടി നിർമിച്ചു നൽകുന്നയാളാണ് വിജയൻ. അളവുകൾ കൃത്യമായി കൊത്തിയെടുത്ത് അഴകോടെ വിജയൻ നിർമിക്കുന്ന കാളവണ്ടികൾക്ക് ആവശ്യക്കാർ ഏറെയുണ്ട്.
തമിഴും മലയാളവും
ഇന്നും തമിഴ് ആചാരങ്ങളും സംസ്കാരങ്ങളും മുടങ്ങാതെ പാലിക്കുന്നവരാണ് പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർ. തമിഴും മലയാളവും കലർന്ന ഭാഷ സംസാരിക്കുന്നവർ. ഇവിടെ കടകൾക്ക് മുന്നിലും ബസ് സ്റ്റോപ്പിലും സ്ഥാപനങ്ങളിലുമെല്ലാം മലയാളത്തിനൊപ്പം തമിഴ് ലിപികൾ കാണാം. അന്യംനിന്നുപോയ തൊഴിലുകളാണ് ഇന്നും ഇവിടത്തുകാരുടെ ജീവിത മാർഗം. വണ്ണാമട നിവാസികൾക്ക് ഏറ്റവും അടുത്ത നഗരം 18 കിലോ മീറ്റർ മാത്രം ദൂരത്തുള്ള പൊള്ളാച്ചിയാണ്. അവശ്യസാധനങ്ങൾക്കെല്ലാം പൊള്ളാച്ചിയെ ആണ് ഇവിടത്തുകാർ ആശ്രയിക്കുന്നത്.
പതിറ്റാണ്ടുകൾക്കിപ്പുറം
വിജയന്റെ അമ്മാവൻ നാഗരാജ് ആശാരി കാളവണ്ടി നിർമാണക്കാരനായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മാവന്റെയൊപ്പം കൂടിയതാണ് വിജയൻ. പിന്നീട് കാളവണ്ടി നിർമാണം കുലത്തൊഴിലായി മാറി. പതിറ്റാണ്ടുകൾക്കിപ്പുറവും വിജയനെ അന്വേഷിച്ച് തമിഴ്നാട്ടിൽനിന്നടക്കം ഓർഡറുകൾ വരാറുണ്ട്. കാളവണ്ടി നിർമാണത്തിനൊപ്പം കുതിരവണ്ടികളുടെ അറ്റകുറ്റപ്പണിയും വിജയൻ ചെയ്യുന്നുണ്ട്. കാളവണ്ടിപ്പണി ഇല്ലാത്തപ്പോൾ വീടിന്റെ കട്ടിള വെക്കാനും പോകാറുണ്ട്.
വിജയൻ നിർമിച്ച കാളവണ്ടികളിലൊന്ന്
ഒരു കാളവണ്ടി പൂർണമായി നിർമിക്കാൻ ഒരു മാസം സമയമെടുക്കും. ഒരു വണ്ടിക്ക് 80,000 രൂപ വരെയാണ് കൂലി. മകൻ കാർത്തികേയനും പിതാവിനെ സഹായിക്കാൻ ഒപ്പം കൂടാറുണ്ട്. വീടിനോട് ചേർന്നുള്ള പണിപ്പുരയിലാണ് നിർമാണം. കാളവണ്ടികൾക്ക് ഇന്നും ഏറെ പ്രിയമുള്ള കോയമ്പത്തൂർ, മധുര തുടങ്ങിയയിടങ്ങളിൽനിന്നാണ് കൂടുതൽ ഓർഡറുകൾ ലഭിക്കാറ്. ജില്ലയിൽ തെരുവത്ത് പള്ളി നേർച്ച സമയത്ത് പഴയ വണ്ടികൾ നന്നാക്കാനും പുതിയത് നിർമിക്കാനുമായി ഓർഡറുകൾ വരാറുണ്ടെന്ന് വിജയൻ പറയുന്നു. വണ്ണാമടയിലെ മിക്ക വീടുകളിലും ഒരു കാളവണ്ടിയെങ്കിലും ഉണ്ടാകും. ചിലത് സവാരിക്കായും ഉപയോഗിക്കാറുണ്ട്. സിനിമാക്കാരാണ് കാളവണ്ടിയുടെ മറ്റ് ആവശ്യക്കാർ.
അഴകളവുകൾ കൃത്യം
കാളവണ്ടിക്ക് ഏറെ സവിശേഷതകളുണ്ട്. കുംഭം, വട്ട, ചക്രം, കാൽ, മുക്കാണികട്ട, കോൽമരം, മുഖം തുടങ്ങി കാളവണ്ടിയുടെ ഓരോ ഭാഗങ്ങളും കൃത്യമായി കൊത്തിയെടുത്താണ് നിർമാണം. തേക്ക്, കരിവേലകം എന്നീ മരങ്ങളിലാണ് നിർമാണം. ഒരു ചക്രത്തിൽ 14 കാലുകളാണുള്ളത്. ഇതിന്റെ ചുറ്റുമുള്ളതിനെ വട്ട എന്ന് പറയുന്നു. കാലുകളെയും വട്ടയെയുമെല്ലാം ബന്ധിപ്പിച്ച് നടുവിലുള്ള ഭാഗത്തെ കുംഭം എന്നാണ് പറയുക. ഈ ഭാഗം മാത്രമാണ് കരിവേലകം മരത്തിൽ നിർമിക്കുന്നത്. വണ്ണാമടയിലെ മരപേട്ടയിൽനിന്നും പൊള്ളാച്ചിയിൽ നിന്നുമൊക്കെയാണ് കരിവേലകവും തേക്കും എത്തിക്കുന്നത്. കരിവേലകം മൂന്നുവർഷത്തേക്ക് ഒന്നിച്ച് എടുത്താണ് ഉപയോഗിക്കുന്നത്. വർഷങ്ങളോളം കേടുകൂടാതിരിക്കും എന്നതാണ് കരിവേലകത്തിന്റെ പ്രത്യേകത.
ശബരിമലയിലുമുണ്ട് വിജയന്റെ കാളവണ്ടി
വിജയന്റെ കരവിരുതിന്റെ ഭംഗി ശബരിമലയിലുമുണ്ട്. വിജയൻ നിർമിച്ച, മുകളിൽ കൂടുവെച്ച് പൊതിഞ്ഞ ‘കട്ട വണ്ടി’ എന്ന് അറിയപ്പെടുന്ന കാളവണ്ടി ശബരിമലയിൽ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്. പലതരം നിറത്തിലും ആകൃതിയിലുമുള്ള കാളവണ്ടി ഭാഗങ്ങൾ വിജയന്റെ വീട്ടിൽ കാണാം.
ശബരിമലയിലുള്ള കാളവണ്ടി
ഉടമകൾ പറയുന്നതിന് അനുസരിച്ചാണ് ഇവ തയാറാക്കുന്നത്. കാളയെ കെട്ടുന്ന മുൻവശത്തെ ഭാഗത്തെ മുഖം എന്നാണ് പറയുന്നത്. പത്തേകാൽ അടി നീളത്തിലുള്ള കോൽമരത്തിന് മുന്നിലാണ് മുക്കാണികട്ടയുള്ളത്. ഇത് നല്ല ഭംഗിയുള്ള ആകൃതിയിൽ കൊത്തിയെടുത്ത് മനോഹരമാക്കും. ഇവ തമ്മിൽ ബന്ധിപ്പിച്ചാണ് മുൻവശത്തെ ഭാഗം പൂർത്തിയാക്കുക.
കാളവണ്ടിതന്നെ ജീവിതം
ചെറുപ്പത്തിൽ തുടങ്ങിയ കാളവണ്ടി നിർമാണം പിന്നീട് സ്ഥിരം തൊഴിലായി മാറിയപ്പോഴും വിജയന്റെ ശക്തി കുടുംബമായിരുന്നു. ഈ തൊഴിൽ തന്നെയാണ് വിജയന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. മകൻ കാർത്തികേയൻ വിജയനെ സഹായിക്കാൻ ഒപ്പമുണ്ട്. പഠനശേഷം പിതാവിനൊപ്പം കൂടിയതാണ് കാർത്തികേയൻ. കാർത്തികേയന്റെ ഭാര്യ നിത്യ കോയമ്പത്തൂർ സ്വദേശിനിയാണ്. വീടിനോട് ചേർന്നുള്ള ഷെഡിലാണ് വിജയൻ കാളവണ്ടി നിർമാണം നടത്തുന്നത്. സഹായികളും ഉണ്ട്. ഭാര്യ ഗോമതിയാണ് ഇരുമ്പ് പണികളിലെല്ലാം സഹായിക്കുന്നത്. മകൾ ഗായത്രി. പണ്ട് സാധനങ്ങൾ കടത്താനും സവാരിക്കുമൊക്കെയാണ് ഇത് ഉപയോഗിച്ചതെങ്കിൽ ഇന്ന് വീടിനു മുന്നിലെ അലങ്കാരമായും പ്രദർശനവസ്തുവായും ഇവ മാറിക്കഴിഞ്ഞു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.