സലീം പരിച്ചുമ്മാടത്ത്
തൃക്കരിപ്പൂർ: പ്രവാസ ലോകത്തെ ജോലിത്തിരക്കുകൾക്കിടയിലും വലിയപറമ്പ് സ്വദേശി പരിച്ചുമ്മാടത്ത് സലീം (47) സൈക്ലിങ്ങിന് സമയം കണ്ടെത്തിയിരുന്നു. അവധിദിവസങ്ങളിൽ ദുബൈയിലെ സൈക്ലിങ് ട്രാക്കുകളാണ് സലീമിന്റെ പരിശീലനക്കളരി. ഒമാൻ-യു.എ.ഇ അതിർത്തിയിൽ 6345 അടി ഉയരെ തലയെടുപ്പുള്ള ജബൽ ജൈസ് മല ഒരേദിവസം രണ്ടുതവണ ചവിട്ടിക്കയറ്റിയത് ആത്മവിശ്വാസമായി.
ലോകോത്തര ലണ്ടൻ-എഡിൻബറ-ലണ്ടൻ സൈക്ലിങ് ഇവന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സലീം ഈ മാസം 30ന് ദുബൈയിൽനിന്ന് ലണ്ടനിലേക്ക് തിരിക്കും. ആഗസ്റ്റ് മൂന്നിന് ലണ്ടനിൽനിന്ന് ആരംഭിച്ച് സ്കോട്ട്ലൻഡിലെ എഡിൻബറ വരെയും തിരിച്ചുമായി 1538 കിലോമീറ്ററാണ് 128 മണിക്കൂറിനകം സൈക്കിളിൽ സഞ്ചരിക്കേണ്ടത്.
അതിസൂക്ഷ്മ കാലാവസ്ഥ വ്യതിയാനങ്ങൾ അനുഭവവേദ്യമാക്കുന്ന യാത്രയിൽ സ്കോട്ട്ലൻഡിലെ യോർക് ഷെയർ ഡേൽസ് മലനിരകൾ ഉൾപ്പെടെ 13,500 മീറ്റർ കയറ്റമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് സൈക്ലിസ്റ്റുകളാണ് റൈഡിൽ പങ്കെടുക്കുന്നത്.
റിറ്റിൽ യൂനിവേഴ്സിറ്റി കോളജ് പോയന്റിൽനിന്നാണ് സലീമിന്റെ യാത്ര തുടങ്ങുന്നത്. 21 കൺട്രോൾ പോയന്റുകൾ ഉണ്ടാകും. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് എക്സിക്യൂട്ടിവ് അംഗമായ സലീമിന് ദുബൈയിലെ സൈക്ലിങ് കൂട്ടായ്മകളിൽ പങ്കാളിത്തമുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ റൈഡ് നടത്തിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി മെഡലുകൾ ലഭിച്ചിട്ടുണ്ട്. അജ്മാൻ റേസിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.