മംഗളൂരു: ധർമസ്ഥലയിൽ 1987 മുതൽ 2025 വരെ ഒരു കുഞ്ഞിന്റേതുൾപ്പെടെ 279 അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്ന് ധർമസ്ഥല ഗ്രാമ പഞ്ചായത്ത് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തി. അവകാശികളില്ലാത്ത ഇത്രയും മൃതദേഹങ്ങളിൽ 219 എണ്ണം പുരുഷന്മാരുടേതും 46 എണ്ണം സ്ത്രീകളുടേതുമാണ്. ഒരു കുഞ്ഞിന്റെ ഉൾപ്പെടെ 14 മൃതദേഹങ്ങളുടെ ലിംഗഭേദം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ധർമസ്ഥല ഗ്രാമ പഞ്ചായത്ത് പബ്ലിക് ഇൻഫർമേഷൻ ഫീസറിൽ (പി.ഐ.ഒ) നിന്ന് ആർ.ടി.ഐ പ്രകാരം നേടിയ വിവരങ്ങളിൽ പറഞ്ഞു.
2003-2004, 2006-2007, 2014-2015 എന്നീ വർഷങ്ങളിലായി 17 അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 101 അജ്ഞാത മൃതദേഹങ്ങളാണ് സംസ്കരിച്ചത്. അവകാശികളില്ലാത്ത മൃതദേഹങ്ങളിൽ ഭൂരിഭാഗവും കാട്ടിനുള്ളിൽ കണ്ടെത്തിയതാണെന്ന് ആറ് മാസത്തിലേറെ ധർമസ്ഥലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സേവനമനുഷ്ഠിച്ച ഡോക്ടർ പറഞ്ഞു. മിക്ക മരണവും ആത്മഹത്യയാണ്.
പുഴുക്കൾ നിറഞ്ഞ് അസഹനീയ ദുർഗന്ധം വമിച്ചിരുന്നതിനാൽ മൃതദേഹങ്ങൾ ഒരേ സ്ഥലത്ത് തന്നെ സംസ്കരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1980കൾ മുതൽ എല്ലാ ശവസംസ്കാരങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തിയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ് റാവു നേരത്തെ പറഞ്ഞിരുന്നു.
കന്യാടിയിൽ പുതിയ ഖനനം
മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസിൽ കന്യാടിക്ക് സമീപമുള്ള പുതിയ സ്ഥലത്ത് മനുഷ്യശരീരങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനം വ്യാഴാഴ്ച ആരംഭിച്ചു. പരാതിക്കാരനായ സാക്ഷി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കാണിച്ചുകൊടുത്ത പതിനേഴാമത്തെ സ്ഥലമാണിത്.
പുത്തൂർ ഡിവിഷൻ അസി. കമീഷണർ സ്റ്റെല്ല വർഗീസ്, എസ്.ഐ.ടി പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ, ഫോറൻസിക് വിദഗ്ധർ, തൊഴിലാളികൾ എന്നിവരും പുതിയ സ്ഥലത്തെത്തിയിരുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കുഴിക്കുന്നത്. കുഴിച്ചെടുക്കൽ നടപടിയുടെ 16ാം ദിവസമായ വ്യാഴാഴ്ച മാധ്യമപ്രവർത്തകരെ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.